സൂര്യനില്ലാതെയാകുമ്പോൾ

സൂര്യനില്ലാതെയാകുമ്പോൾ : Note by Farmis Hashim
നാമുൾപ്പെടെ ഉള്ള ഭൂമിയിലെ മിക്ക ജീവജാലങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ് ആണ് സൂര്യൻ. സൂര്യൻ ഇല്ലാതെയുള്ള ഒരു ദിവസം പോലും – സൂര്യൻ ഇല്ലാതെ ‘ദിവസം’ എന്നുള്ള ഏകകത്തിന് പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല എന്നത് വേറെ കാര്യം! – നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്നാൽ പെട്ടെന്നൊരു ദിവസം സൂര്യൻ അപ്രത്യക്ഷമായാൽ എന്തായിരിക്കും അതിന്റെ അനന്തര ഫലങ്ങൾ?
പേടിക്കണ്ട, അങ്ങനെ ഒന്ന് സംഭവിക്കാൻ പോകുന്നില്ല. സൂര്യനും ഒരു ‘ജീവിതം’ ജീവിച്ചു തീർക്കാനുണ്ട്. സമാനമായ ഇതര നക്ഷത്രങ്ങളെ പോലെ സൂര്യനും അതിലെ ന്യൂക്ലിയർ ഇന്ധനം എരിഞ്ഞു തീരുന്നത് വരെ ജ്വലിച്ചു കൊണ്ടിരിക്കും. ഹൈഡ്രജൻ ആറ്റങ്ങളെ ഹീലിയം ആക്കി മാറ്റുകയാണ് ഈ ഇന്ധനം എരിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ‘ന്യൂക്ലിയർ ഫ്യൂഷന്റെ’ ഫലമായാണ് നമുക്ക് ചൂടും വെളിച്ചവും ലഭിക്കുന്നത്. എന്നാൽ ഈ ഇന്ധനം തീരുന്നതോടെ അകക്കാമ്പിൽ സൂര്യൻ ഉള്ളിലോട്ട് ചുരുങ്ങാൻ തുടങ്ങും. പുറമേയുള്ള പാളി വികസിക്കാനും തുടങ്ങും. അങ്ങനെ സൂര്യൻ ഒരു ‘ചുവന്ന ഭീമൻ’ ആയി മാറുകയും, പുറം പാളി സൗരയൂഥത്തിലേക്ക് വികസിച്ച് ഇല്ലാതാവുകയും ചെയ്യും. ഏതായാലും ഈ അവസ്ഥ സംജാതമാകാൻ ഇനിയും കോടിക്കണക്കിന് വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. അന്ന് അത് നിരീക്ഷിക്കാൻ അന്ന് മനുഷ്യനോ ഇതര ജീവജാലങ്ങളോ ഭൂമിയിൽ ഉണ്ടാവുക ഏറെക്കുറെ അസാധ്യമാണ് താനും.
എന്നാൽ ഒരു സുപ്രഭാതത്തിൽ, ഏതോ മായാജാലക്കാരന്റെ കഴിവ് കൊണ്ട്, സൂര്യൻ പൊടുന്നനെ അപ്രത്യക്ഷമാകുന്നു എന്ന് കരുതുക. എന്തായിരിക്കും ഭൂമിയുടേയും, അതിലെ ജീവജാലങ്ങളുടേയും അവസ്ഥ? ഗ്രഹോപഗ്രഹങ്ങളുടേയും, ഭൂമിയിലെ ജീവജാലങ്ങളുടേയും ഭാവി എന്തായിരിക്കും?
ആദ്യമായി മനസ്സിലാക്കേണ്ടത്, സൂര്യൻ അപ്രത്യക്ഷമാകുന്ന ആ നിമിഷം നമ്മൾ അതിനെ കുറിച്ച് ഒരിക്കലും അറിയാൻ പോകുന്നില്ല എന്നതാണ്! സൂര്യനിലെ പ്രകാശം ഭൂമിയിലെത്താൻ 8 മിനിറ്റും 20 സെക്കന്റും എടുക്കും. അതായത് സൂര്യൻ അവിടെ ഇല്ല എന്ന് നാം മനസ്സിലാക്കുമ്പോഴേക്ക് അത്രയും സമയം കഴിഞ്ഞിരിക്കും എന്നർത്ഥം. മാത്രമല്ല; അതറിയുന്ന നിമിഷം തന്നെ സൂര്യനു ചുറ്റുമുള്ള തന്റെ ഭ്രമണ പഥത്തിൽ നിന്ന് ഭൂമി തെറിച്ചു പോവുകയും ചെയ്യും. കാരണം ഭൂമിയെ സൂര്യനു ചുറ്റും കറങ്ങാൻ സഹായിക്കുന്ന ഗ്രാവിറ്റി ബലതരംഗങ്ങളും സഞ്ചരിക്കുന്നത് പ്രകാശത്തിന്റെ വേഗതയിൽ ആണ്. ഒരു കല്ല് ചരടിൽ കെട്ടി തലയ്ക്ക് ചുറ്റും കറക്കിയതിനു ശേഷം പെട്ടെന്ന് വിട്ടാൽ എന്ത് സംഭവിക്കും? ചരട് കയ്യിൽ നിന്ന് വിടുന്ന നിമിഷം ഏത് ബിന്ദുവിലായിരുന്നോ ഉണ്ടായിരുന്നത്, അതിന് തിരശ്ചീനമായി കല്ല് ഒരു നേർരേഖയിൽ സഞ്ചരിച്ചു തുടങ്ങും. ഭൂമിയുടെ അവസ്ഥയും അത് തന്നെ. അത് വരെ പരിക്രമണം ചെയ്തു കൊണ്ടിരുന്ന, സെക്കന്റിൽ 30 കിലോമീറ്റർ എന്ന വേഗതയിൽ ഭൂമി നേർരേഖയിൽ സഞ്ചരിച്ചു തുടങ്ങും. സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പരിധിയിൽ പെടാതിരുന്നാൽ ആ സഞ്ചാരം അനന്തമായി തുടരുകയും ചെയ്യും; മറ്റേതെങ്കിലും നക്ഷത്രത്തിന്റേയോ, പിണ്ഢമുള്ള വസ്തുക്കളുടേയോ പരിധിയിൽ പെടുന്നത് വരെ.
എന്നാൽ മറ്റു ഗ്രഹങ്ങളുടെ അവസ്ഥ എന്താണ്? ഭൂമിയിൽ ഇരുട്ട് പരക്കുന്ന ആ നിമിഷം നാം വ്യാഴത്തെ നിരീക്ഷിക്കുക ആണെങ്കിൽ ആ ഗ്രഹം ഒന്നും സംഭവിക്കാത്തത് പോലെ ‘ഇല്ലാത്ത’ സൂര്യനെ ചുറ്റിക്കറങ്ങുന്നത് കാണാം. എന്തിനധികം, ആ സൂര്യനിൽ നിന്നുള്ള പ്രകാശം പോലും പ്രതിഫലിപ്പിക്കും! കാരണം, ഭൂമിയിൽ നിന്നും വീണ്ടും ഒരു 30 മിനിറ്റ് സഞ്ചരിച്ചാൽ മാത്രമേ പ്രകാശത്തിനും (ഗ്രാവിറ്റി തരംഗങ്ങൾക്കും) വ്യാഴത്തിൽ എത്തിച്ചേരാൻ കഴിയൂ. വ്യാഴത്തിൽ തട്ടി പ്രകാശരശ്മികൾക്ക് തിരിച്ച് ഭൂമിയിൽ എത്താൻ വീണ്ടും ഒരു 30 മിനിറ്റ് വേണം. അപ്പോൾ ഏതാണ്ട് ഒരുമണിക്കൂറോളം വ്യാഴം എന്ന നമ്മുടെ അയൽഗ്രഹം ഈ ഇല്ലാത്ത സൂര്യനെ ചുറ്റിക്കറങ്ങുന്നതായി നമുക്ക് കാണാം!. ഇതര ഗ്രഹങ്ങളുടേയും അവസ്ഥ ഇതു തന്നെ. ഒടുവിൽ, അനന്തതയിലേക്കുള്ള യാത്രയുടെ ആദ്യനിമിഷങ്ങളിൽ തന്നെ ചന്ദ്രനും, ഇതരഗ്രഹങ്ങളും ഒന്നൊന്നായി ‘അണയുന്നത്’ നമുക്ക് നേരിൽ കാണാം!
അനന്തമായ ഇരുട്ട് ഭൂമിയിൽ വന്നു കഴിഞ്ഞു. സത്യത്തിൽ പൂർണമായും കുറ്റാക്കൂരിരുട്ടാണോ? അല്ല. പ്രപഞ്ചത്തിലെ മറ്റ് പ്രകാശസ്രോതസ്സുകൾ അപ്പോഴും ഭൂമിയിൽ വെളിച്ചമെത്തിക്കും. സൂര്യൻ ഇല്ലാതാകുന്നതോടെ ചന്ദ്രനും പ്രകാശം പ്രതിഫലിപ്പിക്കില്ല. എന്നാൽ നക്ഷത്രക്കൂട്ടങ്ങൾക്ക് ഒരു പൂർണചന്ദ്രന്റെ മുന്നൂറിൽ ഒന്ന് പ്രകാശം ഭൂമിയിൽ എത്തിക്കാൻ കഴിയും എന്നാണ് കണക്കു കൂട്ടൽ. അത് വളരെ വളരെ ചെറിയ ഒരു പ്രകാശമാണ്. നാട്ടുവെളിച്ചം എന്നൊക്കെ നമ്മൾ പറയാറില്ലേ? അത് തന്നെ. ഫലത്തിൽ ഒരു അമാവാസി രാവിൽ എന്ത് വെളിച്ചമാണോ ഉണ്ടാവുക, അത് തന്നെ ആയിരിക്കും ഭൂമിയിലെ അവസ്ഥ. വ്യത്യാസം എന്തെന്നാൽ ഭൂമിയിൽ എല്ലായിടത്തും, എന്നെന്നും അനന്തമായ അമാവാസി രാവുകൾ ആയിരിക്കും! ഫോസിൽ ഇന്ധനങ്ങളും, ഇലക്ട്രിസിറ്റിയും ഉള്ളത് കൊണ്ട് കുറേക്കാലം കൂടെ മനുഷ്യന് വെളിച്ചമില്ലായ്മ ഒരു പ്രശ്നം ആകില്ലെന്ന് കരുതാം.
ഭൂമിയിലെ ജീവനേൽക്കുന്ന ആദ്യ പ്രഹരം സൂര്യപ്രകാശം ഇല്ലാതാകുന്ന നിമിഷം മുതൽ ചെടികളും, ചില ചെറുജീവികളും പ്രകാശസംശ്ലേഷണം (photosynthesis) നിർത്തുമെന്നതാണ്. ഭൂമിയിലെ സ്വാഭാവിക ഭക്ഷണോൽപ്പാദനത്തിന്റെ 99.9% വും അതോടെ നിലയ്ക്കും. ഈ പ്രകാശസംശ്ലേഷണം ആണ് അന്തരീക്ഷത്തിൽ നമ്മുടെ പ്രാണവായു ആയ ഓക്സിജന്റെ അളവ് കുറയാതെ നിലനിർത്തുന്നത് എന്നറിയാമല്ലോ? പക്ഷേ ഭയക്കാനില്ല. മനുഷ്യരെല്ലാവരും കൂടെ ഒരു വർഷം ശ്വസിച്ചു തീർക്കുന്നത് 600,000 കോടി കിലോഗ്രാം ഓക്സിജൻ ആണ്. നമ്മുടെ അന്തരീക്ഷത്തിലാകട്ടെ; ഇപ്പോൾ 100,000,000,000 കോടി കിലോഗ്രാം ഓക്സിജൻ ഉണ്ട്! ഓക്സിജൻ ശ്വസിക്കുന്ന മറ്റുള്ള ജീവജാലങ്ങളെ എല്ലാം കണക്കിലെടുത്താൽ തന്നെയും കുറഞ്ഞത് ഒരു ആയിരം വർഷത്തേക്കുള്ള ഓക്സിജൻ ഇവിടെ ഇപ്പോൾ തന്നെയുണ്ടെന്നർത്ഥം. ചെറു ചെടികൾ ദിവസങ്ങളും, ആഴ്ചകളും കൊണ്ട് മൃതിയടയും. ആവശ്യമുള്ള അന്നജം സംഭരിച്ചു വെച്ചിട്ടുള്ള വലിയ മരങ്ങൾ തണുത്ത് മരവിക്കാതിരുന്നെങ്കിൽ വർഷങ്ങളോളം ജീവിച്ചേക്കാം. സത്യത്തിൽ ‘പട്ടിണി’ കൊണ്ടല്ല; മറിച്ച് ഉള്ളിലെ ജലാംശം തണുത്തുറയുന്നതു കൊണ്ടാവും മിക്ക വൃക്ഷങ്ങളും നശിക്കുന്നത്.
ചൂടും വെളിച്ചവും തരുന്ന സ്രോതസ്സ് ഇല്ലാതാകുമ്പോൾ ആ നിമിഷം തന്നെ ഭൂമി തണുത്തുറയുമോ? പരിശോധിക്കാം. സൂര്യൻ ഉള്ള ഇന്നത്തെ അവസ്ഥയിൽ ഭൂതലത്തിലെ ശരാശരി ഊഷ്മാവ് 14-15 ഡിഗ്രീ സെൽഷ്യസ് ആണ്. സൂര്യൻ ഇല്ലാതാകുമ്പോൾ ഭൗമോപരിതലത്തിൽ നിന്നും തുടക്കത്തിൽ അതിവേഗം താപം പുറത്തേക്ക് വികിരണം ചെയ്യപ്പെടും; പിന്നീട് അതിന്റെ നിരക്ക് കുറയുമെങ്കിലും. ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ഭൗമോപരിതലത്തിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആയി താഴും. ജലസ്രോതസ്സുകൾ പതുക്കെ ഉറയാൻ തുടങ്ങും. എന്നാൽ ഈ താപനില മനുഷ്യന് പരിചയമുള്ളതാണ്. സംരക്ഷിത കവചങ്ങളും, കട്ടികൂടിയ വസ്ത്രങ്ങളും, കെട്ടുറപ്പുള്ള താമസസ്ഥലവും വഴി ഇതിനെ മറികടക്കാം. ആദ്യത്തെ ആഴ്ചകളും, ചിലപ്പോൾ മാസങ്ങളും ചിലപ്പോൾ ഇങ്ങനെ കഴിഞ്ഞുകൂടാം. എന്നാൽ ആദ്യത്തെ വർഷാവസാനം ആകുമ്പോഴേക്ക് ഊഷ്മാവ് -73 ഡിഗ്രീ സെൽഷ്യസ് ആയിട്ടുണ്ടാകും. അതിജീവിക്കുക എന്നത് അത്യന്തം ദുഷ്കരമായിരിക്കും. മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങും. അവശേഷിക്കുന്നവർക്ക് ജീവൻ നിലനിർത്താൻ ഒരു മാർഗമുള്ളത് ഭൂഗർഭത്തിൽ നിന്ന് ചൂടു വാതകങ്ങളും, നീരുറവകളും വമിക്കുന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുക എന്നതാണ്. (ഉദാ: യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, ഐസ്ലന്റ് തുടങ്ങിയ ഭൂഗർഭത്തിലെ ഊർജ്ജം ഉപയോഗപ്പെടുത്താവുന്ന പ്രദേശങ്ങൾ). മറ്റൊരു മാർഗം ന്യൂക്ലിയർ എനർജി പോലുള്ള ഊർജ്ജ സ്രോതസ്സുകൾ കൊണ്ട് ചൂടു പിടിപ്പിച്ച ബങ്കറുകളിലോ മറ്റോ താമസിക്കുക എന്നതും.
ആദ്യത്തെ മൂന്നുവർഷം കൊണ്ട് തന്നെ സമുദ്രോപരിതലും മുഴുവനായും ഐസ് ആയി മാറിയിട്ടുണ്ടാകും. പക്ഷേ ഈ മഞ്ഞുകവചത്തിനും താഴെ ജലം ഊഷ്മാവിൽ വലിയ വ്യത്യാസമില്ലാതെ നിലകൊള്ളും. കാരണം, മുകളിലുള്ള ഐസ് പാളി ഒരു താപരോധന കവചം (insulator) ആയി വർത്തിക്കും. കൂടാതെ ഭൂമിയുടെ അടിത്തട്ടിൽ നിന്നുള്ള ചൂടുള്ള ജലതാപ രന്ധ്രങ്ങൾ (hydrothermal vent) ജലത്തിന്റെ താപമാനം കുറയാതെ സംരക്ഷിക്കും; കോടിക്കണക്കിന് വർഷങ്ങളോളം!
പത്തോ ഇരുപതോ വർഷങ്ങൾക്കകം ഭൗമോപരിതലം വീണ്ടും ‘നനയാൻ’ തുടങ്ങും. ജലം കൊണ്ടാണെന്ന് കരുതരുത്! അത്യുഗ്രമായ തണുപ്പ് അന്തരീക്ഷത്തിലെ വാതകങ്ങളെ പോലും ദ്രാവകാവസ്ഥയിൽ എത്തിക്കും. അത് മേഘാവസ്ഥ പൂണ്ട് ഭൂമിയിൽ ‘അന്തരീക്ഷ മഴ’ തന്നെ ഉണ്ടായേക്കാം! അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിക്കുന്നത് കണ്ടു പരിചയിച്ച നമുക്ക് അന്തരീക്ഷം തന്നെ മഴയായി പെയ്യുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്നർത്ഥം! തണുപ്പ് വർദ്ധിക്കുമ്പോൾ അത് മഞ്ഞുപാളികളായും ഭൂമിയിൽ പതിക്കും. ചില മുൻകരുതലുകളും ആസൂത്രണവും ഉണ്ടെങ്കിൽ ഈ ഒരു കഠിനാവസ്ഥയിൽ പോലും മനുഷ്യന് നിലനിൽക്കാം. ‘ഓക്സിജൻ മഞ്ഞുപാളികൾ’ ചൂടാക്കാനും, വാതകാവസ്ഥയിൽ ഉപയോഗിക്കാനും ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കിയാൽ. ഇതധിക കാലം തുടരാനാവില്ല. സ്വാഭാവിക ആവാസവ്യവസ്ഥ പൂർണമായും നശിച്ച; അതിജീവനത്തിനായി സ്വരുക്കൂട്ടിയ അവസാന ഊർജ്ജവും, ഭക്ഷണവും തീരുന്നതോടെ മിക്ക ജീവികളും വംശനാശമടയും. മനുഷ്യനുൾപ്പെടെ.
ഭൂമിയുടെ ഉപരിതലം തണുത്തുറഞ്ഞെങ്കിലും, ഭൂമിയിലെ അവസാന മനുഷ്യൻ മരവിച്ചു മരിച്ചാലും, ഭൂമിയുടെ ഉൾഭാഗം അപ്പോഴും തിളച്ചു മറിയുകയാണെന്നോർക്കണം. നേരത്തെ സൂചിപ്പിച്ച ജലതാപ രന്ധ്രങ്ങൾ കടലിനടിത്തട്ടിൽ നിർലോഭം ഉണ്ട്. അതിനു ചുറ്റുമായി ഇന്നത്തെ പോലെ തന്നെ സൂക്ഷ്മ ജീവികൾ പെറ്റു പെരുകുന്നുണ്ടാകും. (ചൂടുറവകളിൽ നിന്നുള്ള രാസവസ്തുക്കളിൽ നിന്നാണ് ഇവ ഊർജ്ജം കണ്ടെത്തുന്നത്). ഒരു പക്ഷേ കടലിന്നഗാധതയിൽ കഴിയുന്ന ആ ജീവികൾ സൂര്യൻ അപ്രത്യക്ഷമായി എന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്തിനധികം, സൂര്യൻ എന്നെങ്കിലും നിലനിന്നിരുന്നോ എന്ന് പോലും അവയ്ക്കറിവുണ്ടായിരിക്കില്ല! മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങളും ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടാലും ഇത്തരം ‘എക്സ്ട്രീമോഫൈലുകൾ’ വലിയ കുഴപ്പമില്ലാതെ സൂര്യന്റെ അഭാവത്തിൽ ജീവിക്കും. കാരണം സൂര്യൻ എന്ന ഊർജ്ജസ്രോതസ്സ് അവയുടെ ജൈവചക്രത്തെ ഒരിക്കലും ബാധിക്കുകയില്ല! കോടിക്കണക്കിനു വർഷങ്ങളിലേക്കുള്ള ഊർജ്ജവും, ഭക്ഷണവും അവയ്ക്കായി ഭൂമി ഒരുക്കി വെച്ചിട്ടുണ്ട്.
ജൈവവൈവിധ്യങ്ങളില്ലാതെ വെറുമൊരു മഞ്ഞുഗോളം മാത്രമായെങ്കിലും ഭൂമി അതിന്റെ ഗർഭപാത്രത്തിൽ ജീവനെ പേറുന്നുണ്ടാകും. ഒരു ശൂന്യാകാശ യാത്രാപേടകം പോലെ അത് സൗരയൂഥത്തിന്റെ പരിധികളും ഭേദിച്ച് അനന്തതയിലേക്ക് കുതിക്കും. സെക്കന്റിൽ 30 കിലോമീറ്റർ എന്ന തോതിൽ ഒരു 100 കോടി വർഷങ്ങൾ കൊണ്ട് (മറ്റ് നക്ഷത്രങ്ങളുടെ ആകർഷണ വലയത്തിൽ പെട്ടില്ലെങ്കിൽ) അത് നമ്മുടെ ആകാശഗംഗയുടെ ദൂരം – അതായത് ഒരു ലക്ഷം പ്രകാശവർഷങ്ങൾ – താണ്ടിയിരിക്കും. എന്നാൽ നാല്പതിനായിരം കോടിയോളം നക്ഷത്രങ്ങൾ ഉള്ള നമ്മുടെ ആകാശഗംഗയിലെ ഏതെങ്കിലും ഒരു നക്ഷത്രത്തിന്റെ ‘പിടി’യിൽ പെട്ടാൽ എന്തായിരിക്കും സംഭവിക്കുക? പുതിയൊരു സൂര്യനെ ലഭിക്കുന്നതോടെ പുതിയ ഊർജ്ജ സ്രോതസ്സും തുറന്നു കിട്ടുന്നു. മഞ്ഞുപാളികൾക്കടിയിൽ ജീവൻ പേറുന്ന ഭൂമിയിൽ വീണ്ടും പരിണാമത്തിലൂടെ ജീവൻ അതിന്റെ ജൈവ വൈവിധ്യങ്ങൾ വീണ്ടെടുത്തേക്കാം. ഇന്ന് കാണുന്നതോ ഇത് വരെ ജീവിച്ചു മരിച്ചതോ ആയ ഒരു ജൈവപ്രകൃതിയും ആയിരിക്കണമെന്നില്ല വീണ്ടുമൊരു ജൈവപരിണാമത്തിലൂടെ ലഭിക്കുന്നത്! തികച്ചും വ്യത്യസ്തമായ ആ പരിതസ്ഥിതിയിൽ കൂടുതൽ ബുദ്ധിശക്തി ചിലജീവികൾക്കെങ്കിലും ലഭിച്ചേക്കാം. മഞ്ഞിന്റെ അടരുകൾക്കിടയിൽ കുഴിച്ചുമൂടപ്പെട്ട ഫോസിൽ തെളിവുകൾ – എന്റെയും നിങ്ങളുടേതുമുൾപ്പെടെ – അവ കണ്ടെടുത്തേക്കാം, പുതിയൊരു പരിണാമചരിത്രം രചിക്കാൻ വേണ്ടി…🙂
അവലംബം: 1. Popular Science Magazine, November 2008.
Original post:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.