വോയേജര്‍ -1 : ഇന്‍റെര്‍സ്റ്റെല്ലാറില്‍ എത്തിയ മനുഷ്യ നിര്‍മിത ഉപഗ്രഹം

വോയേജര്‍ -1 : ഇന്‍റെര്‍സ്റ്റെല്ലാറില്‍ എത്തിയ മനുഷ്യ നിര്‍മിത ഉപഗ്രഹം

1990 ഫെബ്രുവരി 14. ഭൂമിയിൽ നിന്നും ഏതാണ്ട് ആറ് ബില്യൺ കിലോമീറ്ററുകൾ അപ്പുറത്ത്, ഒരു സെക്കന്റില്‍ പതിനേഴ് കിലോമീറ്റർ വേഗതയിൽ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ‘വൊയേജർ 1’ എന്ന ‘സ്പെയ്സ് പ്രോബി’ന്, അതിന്റെ തുടർന്നുള്ള ഇന്റർസ്റ്റെല്ലാര്‍ യാത്രക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന തിരക്കിലായിരുന്നു അന്ന് നാസയിലെ വൊയേജർ സയൻസ് ടീം. പ്രശസ്ത അമേരിക്കൻ ആസ്ട്രോണമറും, പ്ലാനറ്ററി സയന്റിസ്റ്റും കൂടി ആയിരുന്ന കാള്‍ സാഗന്‍ (1934-1996) ഉള്‍പ്പെടുന്ന ടീം അന്ന് പതിവില്‍ കൂടുതൽ ആവേശത്തിലായിരുന്നു. കാരണം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നാസയുടെ ഹെഡ്ഡ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഒരേ ആവശ്യം അറിയിച്ച് അവർ അയച്ചുകൊണ്ടിരുന്ന കത്തുകള്‍ക്ക് അവസാനം അനുകൂലമായ മറുപടി ലഭിച്ചിരിക്കുകയാണ്. വൊയേജർ ഉപയോഗിച്ച് സൗരയൂഥത്തിന്റെ ഒരു ‘Family Portrait’ എടുക്കണം. അതിനായി ‘പ്രോബി’ന്റെ മുന്നോട്ടുള്ള സഞ്ചാരദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന ക്യാമറയെ നേരെ എതിർവശത്തേക്ക്, സൂര്യന് അഭിമുഖമായി തിരിക്കണം. അതായിരുന്നു കാള്‍ സാഗന്റെ ആവശ്യം. വൊയേജറിന്റെ പ്രഥമ ദൗത്യങ്ങളില്‍ ഇല്ലാതിരുന്ന ഈ എക്സ്ട്രാ ടാസ്കിന് അത്രയും നാള്‍ നാസ അനുമതി നിഷേധിക്കാനും കൃത്യമായ കാരണമുണ്ട്.1977 സെപ്റ്റംബർ അഞ്ചിന്, ഫ്ലോറിഡയിലെ നാസ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കപ്പെട്ട വൊയേജറില്‍, അത്തരമൊരു ടാസ്ക് നടപ്പിലാക്കുവാന്‍ പര്യാപ്തമായ എഞ്ചിനീയറിംഗ് സാധ്യതകളുണ്ടോ എന്ന ചോദ്യവും, പിന്നെ സൂര്യന് അഭിമുഖമായി തിരിക്കുമ്പോള്‍ ക്യാമറക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളുമായിരുന്നു നാസയുടെ ആശങ്ക. എങ്കിലും കാള്‍ സാഗന്‍ അതേ ആവശ്യം അറിയിച്ചുകൊണ്ട് അയച്ച ആറാമത്തെ കത്തിന് നല്കിയ മറുപടിയില്‍, അതിനുള്ള അനുമതി നാസ നല്കുകയായിരുന്നു.തന്റെ പ്രഥമദൗത്യങ്ങളായിരുന്നസൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വിന്യാസം മനസ്സിലാക്കുക, അവയെ കൂടുതൽ അടുത്തറിയുക, കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എടുക്കുക എന്നിവയെല്ലാം കൃത്യമായി നിര്‍വഹിച്ച ശേഷം തുടരുന്ന യാത്രയിൽ, വൊയേജറിന്, സൂര്യന്റെ പ്രഥമ കാന്തിക മണ്ഡലമായ ഹീലിയോസ്ഥിയര്‍ ഭേദിക്കുകയും അടുത്ത ദൗത്യമായ ഇന്റര്‍സ്റ്റെല്ലാറിലേക്ക് കടക്കുകയും വേണമായിരുന്നു. വൊയേജറിന് ആവശ്യമായ എനര്‍ജി കണ്ടെത്തിയിരുന്നത് സോളാർ പാനലുകള്‍ ഉപയോഗിച്ചായിരുന്നു. സൂര്യനിൽ നിന്ന് അകലുംതോറും സംഭവിക്കാവുന്ന എനര്‍ജി ലഭ്യതയുടെ ക്ഷാമം മുന്‍നിര്‍ത്തിയും, ചിത്രങ്ങളുടെ ആവശ്യകത മുന്നോട്ടുള്ള മിഷനില്‍ പ്രാധാനം അല്ലാത്തതിനാലും ആകണം വൊയേജറിലെ ക്യാമറകളുടെ പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ നാസ തീരുമാനിക്കുന്നത്. അതിനാൽ തന്നെ ഇനി ഒരവസരം ഉണ്ടാകില്ലെന്ന സാഹചര്യം കൂടി പരിഗണിച്ചാകണം നാസ കാള്‍ സാഗന്റെ ആവശ്യം അംഗീകരിച്ചത്.ആ സമയത്ത് നെപ്ട്യൂണിന്റെ അതിരും കടന്ന് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വൊയേജർ തന്റെ ഹോം പ്ലാനറ്റില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും, ശേഖരിച്ച ഡാറ്റ ഭൂമിയിലേക്ക് തിരിച്ചയക്കാനും മണിക്കൂറുകൾ എടുത്തിരുന്നു. വലിയ ആന്റിന ഉപയോഗിച്ച് റേഡിയോ തരംഗങ്ങൾ വഴിയാണ് വൊയേജറുമായുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കിയിരുന്നത്. കാള്‍ സാഗന്റെ ടീം‌ ‘Family Portrait’ എടുക്കാൻ വേണ്ട നിര്‍ദേശങ്ങള്‍ വൊയേജറിന് കൊടുത്തുകൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവില്‍ സൗരയൂഥത്തിന്റെ അറുപതോളം വ്യത്യസ്തമായ ചിത്രങ്ങൾ എടുക്കാൻ വൊയേജറിന് സാധിച്ചു. ശേഷം തന്റെ ക്യാമറക്കണ്ണുകളെ എന്നെന്നേക്കുമായി പ്രവർത്തനരഹിതമാക്കിയ വൊയേജർ ഇന്റര്‍സ്റ്റെല്ലാര്‍ ലക്ഷ്യമാക്കി പാഞ്ഞു. അവിടെ നിന്നും കുറച്ചു മാസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 1990 മെയ് ഒന്നിനാണ് വൊയേജർ അയച്ച അവസാന ചിത്രവും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കാള്‍ സാഗന്റെ ടീമിനായത്. ആ ചിത്രങ്ങളെല്ലാം ചേര്‍ത്തുവെച്ച് സൗരയൂഥത്തിന്റെ ‘Family Portrait’ തയ്യാറാക്കുന്നതിനിടെ, കൂട്ടത്തിലെ ഒരു ചിത്രം കാള്‍ സാഗന്റെ ശ്രദ്ധയിൽ പതിഞ്ഞു. അങ്ങകലെ ആറ് ബില്യൺ കിലോമീറ്റർ ദൂരത്തിൽ നിന്നെടുത്ത ഭൂമിയുടെ ഒരു ചിത്രമായിരുന്നു അത്. പ്രപഞ്ചത്തിന്റെ അനന്തമായ വ്യാപ്തിക്കും, അതിന്റെ അന്തമില്ലാത്ത സാധ്യതകളള്‍ക്കും മുൻപില്‍, ഈ കുഞ്ഞന്‍ ഭൂമിയിലെ മനുഷ്യൻ എന്ന ജീവി അന്നോളം ഉണ്ടാക്കിയെടുത്ത സകല സംഹിതകളും എത്ര നിസ്സാരമാണെന്ന് ഒരൊറ്റ നിമിഷം കൊണ്ട് കാള്‍ സാഗന്‍ അനുഭവിച്ചറിഞ്ഞു. ഒരൊറ്റ വരിയിൽ ശേഷം അദ്ദേഹം ആ ചിന്തയെ ഇങ്ങനെ പകര്‍ത്തിയെഴുതി. ‘The Pale Blue Dot’വിഖ്യാതമായ ആ ചിത്രവും “Look again at that dot. That’s here. That’s home” എന്നാരംഭിക്കുന്ന അദ്ദേഹത്തിന്റെ സ്പീച്ചും ലോകശ്രദ്ധ നേടി. കൂടാതെ ഇതേ പ്രമേയം ആസ്പദമാക്കി “The Pale Blue Dot, A Vision of the Human Future in Space” എന്ന പേരില്‍ കാള്‍ സാഗന്റേതായി 1994 ല്‍ പുറത്തിറങ്ങി. ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറും കൂടി ആയിരുന്നതിനാല്‍ കാള്‍ സാഗന്റെ വാക്കുകളിൽ പ്രപഞ്ചത്തോളം വിശാലമായ മാനങ്ങള്‍ ഉണ്ടായിരുന്നു. അപ്രസക്തമായ പലതിനേയും പിന്നിലാക്കി, കൂടുതൽ ശാസ്ത്രാവബോധത്തില്‍ വളരാൻ മനുഷ്യരാശിയെ സ്വാഗതം ചെയ്യുകയായിരുന്നു കാള്‍ സാഗന്‍.2004 ല്‍ ഹീലിയോസ്ഫിയറിലെ ടെര്‍മിനല്‍ ഷോക്കിനെ അതിജീവിച്ച്, 2012 ആഗസ്റ്റ് 25 ന് ഇന്റർസ്റ്റെല്ലാറിലേക്ക് പ്രവേശിച്ച് യാത്ര തുടരുന്ന വൊയേജർ 1, ഇപ്പോള്‍ ഭൂമിയിൽ നിന്ന് 21 ബില്യൺ കിലോമീറ്റർ ദൂരത്തിലാണുള്ളത്. അതായത് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ഏക മനുഷ്യനിര്‍മ്മിത വസ്തുവാണ് വൊയേജറെന്ന് സാരം. വ്യാഴത്തിനെയും, ശനിയെയും അടുത്തറിയാന്‍ മനുഷ്യന് അവസരമുണ്ടാക്കുകയും, പ്ലാനറ്ററി സയന്‍സുമായി ബന്ധപ്പെട്ട മറ്റു പ്രധാന വസ്തുതകൾ കണ്ടെത്തുകയും ചെയ്ത് ഇപ്പോള്‍ ഇന്റർസ്റ്റെല്ലറിന്റെ അനന്തയില്‍ തുടരുന്ന വൊയേജർ, നാസയുടെ ഡീപ്പ് സ്പെയ്സ് സെന്ററുമായി ഇപ്പോഴും കമ്മ്യൂണിക്കേഷൻ നടത്തുന്നുണ്ട്. 2036 വരെ വൊയേജറിന് അതിന് സാധിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്. പക്ഷേ അതിനുശേഷം മാനവരാശിക്ക് വേണ്ടി വൊയേജറിന് എന്തെങ്കിലും ചെയ്യാനുണ്ടോ? ഉണ്ട് എന്നാണ് അതിനുത്തരം!

Originally published in:

https://www.facebook.com/groups/413326799124158/permalink/1210103776113119/

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.