അറിവുകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ തുടങ്ങിയിട്ട് ചരിത്രമേറെയായി…
മാനവരാശിയുടെ അറിവിന്റെ യാത്രയില്‍ നമ്മളെ അമ്പരപ്പെടുത്തിക്കൊണ്ട് നമ്മുടെ പൂര്‍വീകര്‍ നിര്‍മ്മിച്ച ഒരു മഹത്തരമായ മുതല്‍ക്കൂട്ടാണ് അലക്സാന്‍ഡ്രിയായിലെ ആ ഗ്രന്ഥശാല.
Watch Video:
അലക്സാണ്ടര്‍ ദ ഗ്രേറ്റ് 331 ബി.സിയിലാണ് ചരിത്രപ്രശസ്തമായ അലക്സാന്‍ഡ്രിയ എന്ന നഗരം ഈജിപ്തില്‍ സ്ഥാപിക്കുന്നത്. അലക്സാണ്ടറുടെ മരണശേഷം അദ്ദേഹത്തിന്റെ ജെനറല്‍ ആയ ടോളമി ഈജിപ്തിന്റെ ഭരണം പിടിച്ചെടുക്കുകയും, അലക്സാന്‍ഡ്രിയ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവടത്തിന്റെ കേന്ദ്രസ്ഥാനം ആകുകയും ചെയ്തു. അക്കാലത്ത് റോമിനു ശേഷം ഏറ്റവും വലിയ പട്ടണമായിരുന്നു അലക്സാന്‍ഡ്രിയ. ടോളമി പണികഴിപ്പിച്ച ലൈറ്റ്ഹൌസ് ഒരു മഹാത്ഭുതമായിരുന്നു.
ടോളമി രാജവംശത്തിന്റെ മറ്റൊരു മഹത്തായ സംഭാവനയായിരുന്ന അലക്സാന്‍ഡ്രിയയിലെ ഗ്രന്ഥശാലയെപറ്റി അത്ഭുതപ്പെടുത്തുന്ന 9 യാഥാര്‍ത്ഥ്യങ്ങള്‍:
- അലക്സാന്‍ഡ്രിയയിലെ ഗ്രന്ഥശാല പുരാതന ഏതന്‍സിലെ ഫലെറോണിലെ ഡെമെറ്റ്രിയസ് എന്ന രാഷ്ടീയക്കാരനാണ് തുടങ്ങിയത്. ഏതന്‍സില്‍ ഭരണം നഷ്ടപ്പെട്ട് നാടുവിട്ട അദ്ദേഹം ഈജിപ്തിലെ ഭരണാധികാരിയായ ടോളമി ഒന്നാമന്റെ കൊട്ടാരത്തില്‍ അഭയം തേടി. ഡെമിറ്റ്രിയസിന്റെ അറിവില്‍ സംപ്രീതനായ ടോളമിയാണ് ഒരു ഗ്രന്ഥശാല തുടങ്ങാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
- അലക്സാന്‍ഡ്രിയയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അലക്സാന്‍ഡ്രിയന്‍ മ്യൂസിയത്തിന്റെ ഭാഗമായിരുന്നു ഈ ഗ്രന്ഥശാല. മ്യൂസിയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഒരു സ്രോതസ്സായാണ് ഗ്രന്ഥശാല പ്രവര്‍ത്തിച്ചിരുന്നത്
- ഗ്രന്ഥശാലയുടെ രണ്ട് ശാഖകളിലായി പ്രസംഗകല, നിയമം, ഇതിഹാസം, ദുരന്തനാടകം, ശുഭാന്തനാടകം, കവിതകള്‍, ചരിത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, മറ്റുള്ളവ എന്നിങ്ങനെ പല ഗണങ്ങളില്‍ 200000 മുതല്‍ 700000 വരെ ചുരുളുകള്‍ അവിടെ ഉണ്ടായിരുന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്.
- പുരാതന മെഡിറ്ററനേറിയന് പുസ്തക ചന്തയായ ഗ്രീസിലെ ഏഥെന്‍സില്‍ നിന്നും റോഡ്സില്‍ നിന്നും പകര്ത്തിയെഴുതിയതും പിടിച്ചെടുത്തതുമായ പുസ്തകങ്ങളാണ് പ്രധാനമായും ആ ഗ്രന്ഥശാലയിലേക്ക് കൊണ്ടു വന്നിരുന്നത്.
- ഏതന്‍സുകാര്‍ 500 കിലോ സ്വര്‍ണ്ണം ഓരോ മൂലകൃതികളും തിരികെ ലഭിക്കാനുള്ള ഉറപ്പായി ചോദിച്ചിരുന്നുവെന്നും, ഗ്രന്ഥശാലക്കാര് പകര്‍ത്തിയെഴുതിക്കഴിഞ്ഞു മൂലഗ്രന്ഥം സൂക്ഷിച്ചു വെയ്ക്കുകയും പകര്‍ത്തിയ കോപ്പികള്‍ അവര്‍ക്കു തിരിച്ചുകൊടുക്കുകയും 500 കിലോ സ്വര്‍ണ്ണം അവര്‍ക്കു തന്നെ കൊടുക്കുകയും ചെയ്യുമായിരുന്നു എന്നാണ് ഐതിഹ്യങ്ങള്‍.
- ലോകത്തിന്റെ വിജ്ഞാനത്തിന്റെ കേന്ദ്രം ആകണമെന്ന് വാശിയുണ്ടായിരുന്ന അവര്‍ ലോകത്തില്‍ ലഭ്യമായ എല്ലാ പുസ്തകങ്ങളും ശേഖരിച്ചു. അവര്‍ പുസ്തകങ്ങള്‍ വാങ്ങുക മാത്രമല്ല, പുസ്തകങ്ങളെ പകര്‍ത്തി എഴുതുകയും ചെയ്യുമായിരുന്നു. ആക്കൂട്ടത്തില്‍ “കപ്പലില്‍ നിന്നും” എന്നൊരു ഗണം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അലക്സന്ഡ്രിയായിലെ തുറമുഖത്ത് ഒരു കപ്പല്‍ അടുക്കുമ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുസ്തകങ്ങള്‍ക്കു വേണ്ടി ആ കപ്പല്‍ അരിച്ചു പെറുക്കുമായിരുന്നു, പുസ്തകങ്ങള്‍ കണ്ടെത്തിയാല്‍ ഒന്നുകില്‍ അതു പിടിച്ചെടുക്കുകയോ, അല്ലെങ്കില്‍ അതിന്റെ പകര്‍പ്പുകള്‍ ഉണ്ടാക്കി മൂലഗ്രന്ഥം തിരികെ കൊടുക്കുകയോ ചെയ്യുമായിരുന്നു. ചിലപ്പോള്‍ മൂലഗ്രന്ഥം ഗ്രന്ഥശാലയില്‍ വെച്ചിട്ട് അതിന്റെ പകര്‍പ്പായിരിക്കും തിരികെ കൊടുക്കുക, പലപ്പോഴും അതു പകര്പ്പാണോ മൂലഗ്രന്ഥം ആണോ എന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. അത്ര കൃത്യതയോടെയാണ് ഗ്രന്ഥശാലയിലെ എഴുത്തുകാര്‍ അതു പകര്‍ത്തി എഴുതിയിരുന്നത്.
- പ്രമുഖമായും ഗ്രീക്കിലും ഈജിപ്ഷ്യനിലും ആയിരുന്നു അവിടെ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്. അരിസ്റ്റോട്ടിലിന്റെയും സോഫോക്ലസിന്റെയും ഗ്രന്ഥങ്ങള്‍ അടക്കം പുരാതന ഗ്രീക്കിലെ എല്ലാ പുസ്തകങ്ങളും അവിടെ ലഭ്യമായിരുന്നു എന്നാണ് കരുതിപ്പോരുന്നത്.
- മ്യൂസിയത്തില്‍ ജോലിചെയ്തിരുന്ന പണ്ഡിതര്‍ 30 ഈജിപ്ഷ്യന്‍ രാജ്യ പരമ്പരയുടെ ചരിത്രങ്ങള്‍ അവിടെ രേഖപ്പെടുത്തിയിരുന്നു, ഇപ്പോഴും ഈജിപ്തിന്റെ ചരിത്രം പഠിക്കാന്‍ ആ രേഖകള്‍ ഒരു മുതല്‍ക്കൂട്ടാണ്. അതുപോലെ ഹീബ്രുവിലെ ബൈബിളിന്റെ സെപ്റ്റുവജിന്റ് എന്നറിയപ്പെടുന്ന ആദ്യ തര്‍ജ്ജമയും അവിടെയായിരുന്നു, അതിപ്പോഴും ബൈബിള്‍ പഠനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവത്ത അമൂല്യ ഗ്രന്ഥമാണ്.
- ഗ്രന്ഥശാലയുടെ തലവനായിരുന്ന ഇരാറ്റോസ്തെനിസ് ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം 240 ബിസിയില്‍ തന്നെ ഭൂമിയുടെ ചുറ്റളവും ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരവും കണക്കാക്കിയിരുന്നു. ഭൂമിയുടെ ചുറ്റളവായി അദ്ദേഹം കണ്ടെത്തിയത് 24650 മൈല്‍ എന്നായിരുന്നു, അത് ഇന്ന് നമ്മള് കണ്ടെത്തിയ 24900 മൈല്‍ എന്നതിന്റെ അടുത്തു തന്നെ നില്‍ക്കുന്നതായിരുന്നു
ഗ്രന്ഥശാലയുടെ തകര്‍ച്ച
ഗ്രന്ഥശാലയുടെ തകര്‍ച്ച ആരംഭിക്കുന്നത് 48 ബിസിയില്‍ നടന്ന ജൂലിയസ് സീസറും റോമക്കാരും ഈജിപ്തില്‍ നടന്ന ആഭ്യന്തരയുദ്ധത്തിലൂടെയാണ്, സീസര്‍ തുറമുഖത്തെ കപ്പലുകള്‍ക്ക് തീയിട്ടു. തീ ഗ്രന്ഥശാലയിലേക്കും പടര്‍ന്നു. എങ്കിലും പ്രധാനപ്പെട്ട ചുരുളുകള്‍ എല്ലാം രക്ഷിക്കപ്പെട്ടു.
പിന്നീട് ടോളമി രാജവംശം നശിക്കുകയും പകരം വന്ന റോമന്‍ ഭരണകൂടം ഗ്രന്ഥശാലക്കുള്ള പണം നല്കുന്നതു നിര്‍ത്തലാക്കി. തന്മൂലം ഗ്രന്ഥശാല ശോഷിച്ചു.
270 ഏഡിയില്‍ അലക്സാന്‍ഡ്രിയക്കാര്‍ റൊമന്‍ ഭരണകൂടത്തിനെതിരെ കലാപമുണ്ടാക്കി. റോമാക്കാരുടെ തിരിച്ചടിയില്‍ ഗ്രന്ഥശാല പൂര്‍ണ്ണമായും തകര്‍ന്നു.
സെറാപ്പിയത്തിലുള്ള രണ്ടാമത്തെ ശാഖ, ഏഡി 391 ല്‍ അലക്സാന്‍ഡ്രിയയിലെ ബിഷപ്പായ തിയോഫലസിന്റെ ഉത്തരവിന് പ്രകാരം തകര്‍ക്കപ്പെട്ടു.
അതില്‍ നിന്നും സംരക്ഷിക്കപ്പെട്ട പുസ്തകങ്ങള്‍ ഏഡി എഴാം നൂറ്റാണ്ടീലെ ഇസ്ലാം ഭരണാധികാരികള്‍ നശിപ്പിച്ചു.
അലക്സാന്‍ഡ്രിയായിലെ ഗ്രന്ഥശാലയുടെ നാശം എന്തുകൊണ്ടാണ് ലോകത്തിനു വന്‍ നഷ്ടമായി കരുതപ്പെടുന്നത്?
ഗ്രന്ഥശാലയുടെ പതനം മാനവരാശിയുടെ വളര്ച്ചക്കേല്പ്പിച്ച ആഘാതം വളരെ വലുതായിരുന്നു.
ഉദ്ദാഹരണമായി സൂര്യനാണ് സൌരയൂധത്തിന്റെ കേന്ദ്രം എന്ന് അവിടുത്തെ ഗ്രന്ഥശാലാപരിപാലകന്മാര്ക്ക് അറിവുണ്ടായിരുന്നു. ഭൂമി ഉരുണ്ടതാണെന്നും അവര്‍ക്കറിയാമായിരുന്നു.
ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഗലീലിയോയും മഗ്ഗല്ലനും വേണ്ടിവന്നു അതു വീണ്ടും കണ്ടെത്താന്‍…
ആ ഗ്രന്ഥശാല തകര്‍ന്നില്ലായിരുന്നെങ്കില്‍ നമ്മള് എവിടെ എത്തിയേനേ????
Library of Alexandria, Egyptian Civilization, Ptolemy