സിന്ധു നദീതട സംസ്കാരം : നമ്മുടെ അഭിമാനം

സിന്ധു നദീതട സംസ്കാരം : നമ്മുടെ അഭിമാനം

സിന്ധു നദീതട സംസ്കാരം : നമ്മുടെ അഭിമാനം

ക്രി.മു മൂവായിരത്തോടെ നിലവിൽ വന്ന മഹത്തായ ഒരു സംസ്കാരമാണ്  ഹാരപ്പൻ സംസ്കാരം .വൻ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന വലിയ പ്രദേശത്താണ് ഹാരപ്പൻ നാഗരികത ഉദയംകൊണ്ടത് .

സിന്ധുനദിയുടെ പുത്രൻ

മറ്റേതൊരു സംസാരത്തേയും പോലെ ഒരു നദിയുടെ സമീപത്താണ് ഹാരപ്പയും വളർന്നത്.  ഈജിപ്തിന് നൈല്‍ എന്നപോലെ ഹാരപ്പയ്ക്ക് സിന്ധു വളമേകി. അതിനാൽ തന്നെ ഹാരപ്പൻ സംസ്കൃതി സിന്ധൂനദീതടസംസ്കാരം എന്നും അറിയപ്പെടുന്നു.

ചാൾസ് മേസൺ എന്ന സഞ്ചാരിയായ ചരിത്രകാരൻ 1826-1838 കാലയളവിലെ തന്റെ യാത്രയിൽ ബലൂചിസ്ഥാൻ,പഞ്ചാബ്അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പഴയ നാഗരികതകളുടെ അവശിഷ്ടങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിരുന്നു.  1850 കളോടെ കറാച്ചിലാഹോർ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ബ്രിട്ടീഷ് എഞ്ചിനീയർമാരായിരുന്ന ജോൺ ബ്രണ്ടൻ, വില്യം ബ്രണ്ടൻ എന്നിവർ ഈ പ്രദേശങ്ങളിൽ വളരെ പഴക്കം തോന്നിച്ചിരുന്ന ചുടുകട്ടകൾ ധാരാളമായി ലഭ്യമായിരുന്നത് ശ്രദ്ധിച്ചിരുന്നു. അവയുടെ യഥാർത്ഥ ഉറവിടത്തേക്കുറിച്ച് അന്നുണ്ടായിരുന്ന അജ്ഞതകൊണ്ട് അതൊക്കെ അവർ തങ്ങളുടെ റെയിൽപ്പാതനിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു. 1853 കാലത്ത് അലക്സാണ്ടർ കണ്ണിങ്‌ഹാം ഹരപ്പയിൽ നിന്ന് കണ്ടെടുത്ത മുദ്രകളിലൊന്ന് 1875-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അദ്ദേഹം അത് ബ്രാഹ്മി ലിപിയാണെന്നാണ്‌ ധരിച്ചിരുന്നത്.  വീണ്ടും അൻപത് വർഷത്തിലേറേ കഴിഞ്ഞ് ജെ ഫ്ലീറ്റ് എന്നയാൾ ഇവിടങ്ങളിലെ ശിലാചിത്രങ്ങൾ കണ്ടെത്തിയതിനു ശേഷമാണ് പുരാവസ്തു ഗവേഷകർ ഇവിടം ശ്രദ്ധിക്കുന്നത്.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സർ ജോൺ ഹ്യൂബെർട്ട് മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ പുരാവസ്തുവകുപ്പ് ഇന്ത്യയിൽ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. പിൽക്കാലത്ത്മധു സ്വരൂപ് വത്സ് എന്ന ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞന്റെ മേൽ നോട്ടത്തിൽ 1920 മുതൽ 34 വരെ ഹരപ്പയിൽ വിസ്തരിച്ച് ഉത്ഖനനം നടക്കുകയുണ്ടായി. ഇതിലേക്കു നയിച്ച ഒരു പ്രധാന സംഭവം ഒരു ബുദ്ധസ്തൂപമോ ശിവലിംഗമോ എന്ന് നിർണ്ണയിക്കാൻ കഴിയാതെപോയ ഒരു പുരാവസ്തുവിന്റെ കണ്ടെത്തലായിരുന്നു. 

1921-ൽ റാവു ബഹാദൂർ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന പുരാവസ്തുശാസ്ത്രജ്ഞനാണ് ഹരപ്പയിലെ സങ്കേതം കണ്ടെത്തിയത്. അദ്ദേഹം ഉത്ഖനനത്തിനായി ഒരു കുന്ന് പരിശോധിച്ചുവരവെ കണ്ണിങ്ങാമിനു ലഭിച്ച തരം നിരവധി മുദ്രകൾ ലഭിക്കുകയുണ്ടായി. വീണ്ടും അതിനു ചുറ്റും താഴേക്ക് ഖനനം നടത്തിയപ്പോൾ 7 തട്ടുകളിലായി ബൃഹത്തായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞു വന്നു. അവക്ക് ക്രിസ്തുവിനു മുൻപ് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നത്തെ ഊഹം. ഒരു വർഷത്തിനു ശേഷം രാഖൽ ദാസ് ബാനർജി മോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും ഇത്തരമൊരു നാഗരികതയുടെ അവശിഷ്ടങ്ങൾ ഉൽഖനനം ചെയ്തെടുത്തു.  തുടർന്ന് 1933 വരെ ചെറുതും വലുതുമായ ധാരാളം ഉൽഖനനങ്ങൾ നടന്നു.

ഇന്ത്യാ വിഭജനത്തിനുശേഷം 1950-ൽ മോർട്ടീമർ വീലർ ഈ പ്രദേശത്ത് വിശദമായ പഠനങ്ങൾ നടത്തി കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ബലൂചിസ്ഥാനിലെ സുട്കാഗൻ ദോർ മുതൽ ഗുജറാത്തിലെ ലോഥൽ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ ഈ പഠനങ്ങൾ നടക്കുകയുണ്ടായി. ഇവിടങ്ങളിൽ പര്യവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞന്മാരിൽ മറ്റു പ്രമുഖർ ഔറെൽ സ്റ്റീൻ, നാനി ഗോപാൽ മജുംദാർ, ബി.ബി. ലാൽ, മൈക്കേൽ ജാൻസൻ എന്നിവരായിരുന്നു.  മോഹഞ്ചോ-ദാരോവിൽ നിന്ന് കുറച്ച് അകലെയായി അമ്രി ചൺഹു-ദരോ, ഹാരപ്പയുടെ തെക്കു കിഴക്കായി രാജസ്ഥാനിലെ കലിബംഗൻഹരിയാനയിലെ ബനവല്ലി എന്നിവിടങ്ങൾ അന്ന്‌ ഖനനം ചെയ്ത സ്ഥലങ്ങളിൽപ്പെടുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ 1500-ഓളം പ്രദേശങ്ങളിൽ നിന്ന് ഇന്നു വരെ സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്

ഹരപ്പയിലെ നാഗരികതക്കു മുൻപുള്ള മറ്റു സംസ്കാരങ്ങളെക്കുറിച്ചും ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹരപ്പയുടെ പൂർവികർ എന്നു വിളിക്കാവുന്ന ഒരു നാഗരികത മേർഘഡ് സംസ്കാരമാണ്. ബലൂചിസ്ഥാനിലെ ക്വെറ്റാക്കരികിൽ ബോളാൻ ചുരത്തിനു സമീപം കണ്ടെത്തിയ ഇത് ചെറുശിലായുഗകാലത്തെ നാഗരികതയാണ്. മേർഘഡ് നാഗരികത ബി.സി.ഇ. 7000 മുതൽ 5500 വരെ നിലനിന്നിരുന്നു. അടുത്തടുത്തായി നിരവധി സ്ഥലങ്ങളിൽ ഈ സംസ്കൃതി ചിതറിക്കിടക്കുന്നതായാണ് കാണപ്പെട്ടിരിക്കുന്നത്. കൃഷിയും (ബാർലി, ഗോതമ്പ്, തുടങ്ങിയവ) കാലിവളർത്തലും മനുഷ്യചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഇതുവരെ ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന കളിമൺ പാത്രങ്ങൾ മേർഘറിലേതാണ്. ബലൂചിസ്ഥാനിനടുത്തെ നൾ സംസ്കാരവും കുള്ളി നാഗരികതയും മേർഘഡ് സംസ്കാരത്തിന്റെ തന്നെ ഭാഗമാണെന്ന് കരുതുന്നു.

സിന്ധു നദിക്കരികിലെ സമതലങ്ങളിൽ കണ്ടെത്തിയ കോട്ട് ഡിജി, അംറി എന്നിവിടങ്ങളിലെ നാഗരികതയും സിന്ധുനദീതടവാസികളുടെ പൂർവികരായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടങ്ങളിൽ നിന്ന് ലഭിച്ച കളിമൺ പാത്രങ്ങളിൽ ഹരപ്പയിലെ കളിമൺ പാത്രങ്ങൾക്ക് സമാനമായ രീതിയിൽ അരയാലിന്റെ‍യും മത്സ്യത്തിന്റെ ശൽകങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

ഹരപ്പയുടെ പൂർവികർ ആയിരിക്കാമെന്ന് വിശ്വസിക്കുന്ന മറ്റു സ്ഥലങ്ങൾ രാജാസ്ഥാനിലെ സോഥി, കാളിബഗൻ, കുനാൽ, ബനവാലി, തുടങ്ങിയവയാണ്.

ഹാരപ്പൻ സംസ്കൃതി

OLYMPUS DIGITAL CAMERA

മോഹഞ്ചോ-ദാരോ വിൽ ഖനനം ചെയ്തെടുത്ത നഗരാവശിഷ്ടം, മേലെ കോട്ട, താഴെയായി പാർപ്പിടങ്ങൾക്കേറ്റവും താഴെ വലിയ കുളം

കൂറ്റൻ പിരമിഡുകൾ, കുടീരങ്ങൾ എന്നിവയാണ് നൈൽയൂഫ്രട്ടീസ് നദീതട സംസ്കാരങ്ങളുടെ പ്രത്യേകതയെങ്കിൽ സിന്ധു നദി തട സംസ്കാരത്തിന്റെ പ്രത്യേകത തികഞ്ഞ വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടിരുന്ന നഗരനിർമ്മാണമാണ്. ഇത് സമാനസംസ്കൃതികളിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്തതാണ്. വളരേയേറെ ഫലപ്രദമാംവണ്ണം മികച്ച മട്ടിൽ സംവിധാനംചെയ്തതും മെച്ചപ്പെട്ട രീതിയിൽ നിർമ്മിച്ചതുമായിരുന്നു. ഇവിടത്തെ അഴുക്കുചാൽ പദ്ധതി എവിടേയും എക്കാലത്തേക്കും മാതൃകയാക്കാവുന്നതാണ്. നിർമ്മിതികൾക്കുപയോഗിച്ചിരുന്ന ചുടുകട്ടകളുടെ അളവുകൾ ഏകീകരിക്കപ്പെട്ടിരുന്നു. പണികളുടെ ആസൂത്രണത്തിൽ തികഞ്ഞ മികവ് പുലർത്തിയിരുന്നെങ്കിലും സാങ്കേതിക മികവ് മറ്റു സംസ്കൃതികളെ അപേക്ഷിച്ച് കുറവായാണ് കണ്ടെത്തിയിട്ടുള്ളത്.

നഗരസം‌വിധാനം

ഹരപ്പയിലും മോഹൻജൊ ദാരോയിലും പല കാലഘട്ടങ്ങളിൽ പല അടുക്കുകളിലായി ഒരേ സ്ഥലത്ത് നഗരങ്ങൾ ഒന്നിനുമീതെ മറ്റൊന്നായി നിർമ്മിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരോ കാലത്ത് അതാത് പട്ടണങ്ങൾ നശിച്ചു മൺ മറഞ്ഞശേഷം പിൽകാലത്ത് അതിന്റെ അവശിഷ്ടങ്ങളുടെ മുകളിൽ തന്നെ വീണ്ടും പുതുതായി നഗര നിർമ്മാണം നടത്തിയിരിക്കുന്നതായാണ് കാണുന്നത്. മൊഹെൻ‌ജൊദാരോയിൽ ഏതാണ്ട് ഒൻപതു അടുക്കുകളിൽ നിന്നാണ് വിവിധ കാലത്തെ നഗരാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളത്. ഹരപ്പയിൽ ആറ് അടുക്കുകളിലായാണ് ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നത്.

നഗരങ്ങൾ

ഹരപ്പയിൽ നഗരം നദിക്കരയിലായാണ് നിർമ്മിച്ചിരുന്നത്. ദീർഘദൂരഗതാഗതം ഉറപ്പാക്കിക്കൊണ്ട് വ്യപാരസാദ്ധ്യതകൾ എളുപ്പമാക്കാൻ വേണ്ടിയായിരിക്കണം ഇത്. കോട്ടയുടെ കാവൽപ്പുര (സിറ്റാഡൽ) മനുഷ്യനിർമ്മിതമായ കൂറ്റൻ കല്ലുകൾ കൊണ്ട് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുമായിരുന്ന വെള്ളപ്പൊക്കത്തിൽ നിന്നും സം‌രക്ഷണം ലഭിക്കാനായിരിക്കണം ഇത്. പലകാലത്തെ നഗരങ്ങൾ ഒന്നിനുമീതെ ഒന്നായി ഒൻപത് അടുക്കുകളിലായി ഇവിടെ ഉദ്ഖനനംചെയ്യപ്പെട്ടിട്ടുണ്ട്. സിന്ധുനദിയിൽ ഇടക്കിടെ ഉണ്ടാകുമായിരുന്ന പ്രളയത്തിൽ ചെളിയും മണ്ണും കൊണ്ട് മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ മാതൃകയിൽ തന്നെ പുതിയ നഗരം പിൽക്കാലത്ത് അതേ സ്ഥലത്ത് പണിയുകയായിരിക്കണം ചെയ്തിരുന്നത്. പഴയ മാതൃക അതേപടി നിലനിർത്താൻ ഓരോതവണയും അവർ ശ്രമിച്ചിരുന്നു. ഊടും പാവുമിട്ട് തുണി നെയ്യുന്ന രീതിയിലാണ് നഗരസംവിധാനങ്ങളുടെ രൂപകല്പനയും വിന്യസനവും. നഗര ശുചീകരണ സം‌വിധാനങ്ങളുടെ കാര്യത്തിൽ ഇത് വിശിഷ്യാ പ്രകടമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും വെളിയിലേക്കായാണ് അവ നിർമ്മിച്ചിരിക്കുന്നത്. പാതകൾക്കരികിലുള്ള ഈ ഓവുചാലുകൾ പാതകൾക്കൊപ്പം നഗരത്തിൽ നിന്ന് അകന്ന് പുറത്തേക്ക് പോകുന്നു. നഗരങ്ങൾ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്, പടിഞ്ഞാറു ഭാഗത്തെ ഉയർന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പാർപ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകൾ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിക്കുന്ന തെരുവീഥികൾ; ഇത്തരം വീഥികൾ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാർപ്പിടങ്ങൾ. മൺകട്ടകൾ ചുടുകട്ടകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. കട്ടകൾ 7 x 14 x 28 സെ.മീ. വലിപ്പത്തിൽ ഉള്ളവയാണ്. കെട്ടിടങ്ങളുടെ ഉൾവശത്തെ തറകൾ വിവിധയിനം സാധനങ്ങൾ കൊണ്ട് വിരിച്ചിരുന്നു. (ചെത്തിമിനുക്കിയ കല്ലുകൾ പൊടികൾ എന്നിവ കൊണ്ട്). വീടുകൾക്കെല്ലാം സമാനമായ രൂപകല്പനയാണ് അനുവർത്തിച്ചു പോന്നിരിക്കുന്നത്. ഒരു നടുമുറ്റവും, മുറികൾ ഈ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ്‌ മിക്കവയും പണിതിരിക്കുന്നത്. വീടുകൾക്കെല്ലാം ചൂളയിൽ ചുട്ടെടുത്ത ചുടുകട്ടകൾ ഉപയോഗിച്ചിരിക്കുന്നു. ഈ കട്ടകളുടെ വലിപ്പത്തിന്റെ കാര്യത്തിൽ വളരെയധികം നിഷ്കർഷത പുലർത്തിപ്പോന്നതായി കാണാം. 

പടിഞ്ഞാറുള്ള കോട്ടയിലോ അതിനോടു ചേർന്നോ ആണ് നഗരമുഖ്യന്മാരുടെ വസതികളും കലവറക്കെട്ടിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടികൾ ചിലപ്പോൾ താഴെയോ മുകളിലോ ആയി കാണപ്പെട്ടിരുന്നു. മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം ഉണ്ടായിരുന്നു. 7 മീറ്റർ വീതിയും, 12 മീറ്റർ നീളവും ഉണ്ടായിരുന്ന ഈ ജലാശയത്തിന്. പരമാവധി താഴ്ച 2.4 മീറ്റർ ആയിരുന്നു. ഈ കുളത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുവാൻ ഒരു ഓവു ചാൽ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു. ഇവിടെനിന്ന് ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു.


ഹരപ്പയിൽ ഒരു വലിയ ധാന്യക്കലവറ 220×150 അടി വലിപ്പത്തിൽ പടുത്തുയർത്തിയിരുന്നു. ഇത് 50×20 അടി വലിപ്പമുള്ള ഏതാനും അറകളാക്കി തിരിച്ചിരുന്നു. സാമാന്യം ഉയരമുള്ള ഒരു തറയ്ക്ക് മുകളിലായിട്ടാണ് ഈ കലവറ കാണപ്പെട്ടത്. ഇത് കലവറയെ വെള്ളപ്പൊക്കങ്ങളിൽ നിന്ന് രക്ഷിക്കാനായിരിക്കണം എന്ന് അനുമാനിക്കപ്പെടുന്നു. ധാന്യക്കലവറകൾക്കൊപ്പം ഉയർത്തിക്കെട്ടിയ ചില തറകൾ ഉണ്ടായിരുന്നു, ഇവ ധാന്യം സംസ്കരിക്കാൻ വേണ്ടിയുള്ളതായിരിക്കണം. നടുക്കായി ഒരു വലിയ വിശാലമായ മുറി കാണപ്പെട്ടു, ഇത് വിദ്യാഭ്യാസത്തിനോ പുരോഹിതന്മാരുടെ താമസത്തിനോ ഉപയോഗിച്ചിരുന്നതായിരിക്കണം. 10 മീറ്റർ സമചതുരാകൃതിയിൽ കാണപ്പെട്ട ഇതിന് 13 ജനലുകൾ ഉണ്ടായിരുന്നു

കോട്ടകൾ

മൊഹെൻ‌ജൊദരോയിലെ നഗരാവശിഷ്ടം, മേലെ കോട്ടയുംതാഴെ പാർപ്പിടങ്ങളും- ഇന്ന് ഇത് പാകിസ്താനിലാണ്‌
കോട്ടയുടെ നിർമ്മാണരീതിയെക്കുറിച്ച് കൂടുതൽ അറിയാനാവുന്നത് ഹരപ്പയിൽ നിന്നാണ്‌… . നല്ല കനത്തിൽ ചുടാത്ത ഇഷ്ടിക കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടമതിലിനെ ചുട്ട ഇഷ്ടിക കൊണ്ട് ആറടിയോളം കനത്തിൽ വീണ്ടും ആവരണം ചെയ്തിരിക്കുന്നു. മതിലിന്റെ മുകളിൽ ഇടക്കിടക്ക് തളങ്ങൾ ഉണ്ട്. പടയാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായിരിക്കണം ഇതെന്ന് കരുതുന്നു. കോട്ടയുടെ വടക്കേ മതിലിനും നേരെ പുറത്തായി രണ്ടു വരി വീടുകൾ കാണാം. ഇത് തൊഴിലാളികളുടെ മാത്രമായ താമസസ്ഥലം പോലെ തോന്നുന്നു. തൊഴിലാളികളുടെ വീടുകൾക്കിടയിൽ നിലത്തുനിന്ന് സ്വല്പം ഉയർത്തിക്കെട്ടിയ തിണ്ണകളിലായി ധാന്യം ശേഖരിക്കുവാനുതകുന്ന ധാന്യപ്പുരകൾ അല്ലെങ്കിൽ നിലവറകൾ കാണപ്പെട്ടു. ഈ തിണ്ണകൾക്ക് ഉദ്ദേശം 200 അടി നീളവും 150 അടി വീതിയും കാണാം. തിണ്ണകൾക്കിടയിലായി വലിയ ഉരൽ വച്ചിരിക്കുവാൻ പാകത്തിന്‌ മറ്റു തിണ്ണകളും കാണപ്പെടുന്നുണ്ട്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ വിന്യസനത്തിനും മറ്റും കോട്ടയിലുള്ളവയുടേതിനോടുള്ള സാദൃശ്യത്തിൽ നിന്ന് രണ്ടിടത്തേയും ഭരണനേതൃത്വം ഒരേ തരത്തിലായിരുന്നു എന്നും കോട്ടക്കകത്തെ സുരക്ഷിതമായ സ്ഥലത്ത് താമസിച്ചിരുന്നവർ ഈ തൊഴിലാളികളെ സമർത്ഥമായി ഉപയോഗപ്പെടുത്തിയിരുന്നു എന്നും ചരിത്രകാരന്മാർ അനുമാനിക്കുന്നു.

വീടുകൾ

താഴെ അങ്ങാടിയിലുള്ള വീടുകൾ പലതരം വലിപ്പത്തിലാണ്. ഒറ്റ മുറിക്കുടിലുകൾ, ഇരു മുറിപ്പാർപ്പിടങ്ങൾ തുടങ്ങി പല നിലകളും തട്ടുകളും ഉള്ള മാളികകൾ വരെ അതിൽപ്പെടും. കൂടുതലും ഇരുനിലക്കെട്ടിടങ്ങൾ ആണ്. വീടുകൾ എല്ലാത്തിനും പ്രത്യേകം കുളിമുറിയും കക്കൂസും ഉണ്ട്. ഇവയ്ക്കെല്ലാം പൊതുവായ ഓവുചാൽ തെരുവുകളിലേയ്ക്ക് എത്തിയിരുന്നു. ഈ ചാലുകൾ ഇഷ്ടിക കൊണ്ടോ, ചെത്തുകല്ലുകൾ കൊണ്ടോ മൂടിയിരുന്നു. ചില വീടുകളുടെ ഉള്ളിൽ നടുമുറ്റവും നടുമുറ്റത്തിനു ചുറ്റുമായി അടുക്കള, കലവറ, കുളിമുറി എന്നിവയും കാണാം ചില വീടുകൾ മറ്റെന്തോ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതുകൊണ്ടുണ്ടായ കൂറ്റൻ തറകൾക്ക് മുകളിലാണ് പണിതിരിക്കുന്നത്. ഈ തറകൾ മൺപാത്രനിർമ്മാണത്തിനിടയിൽ ഉപേക്ഷിക്കപ്പെടുന്ന കളിമൺ വസ്തുക്കളുടെ കൂമ്പാരങ്ങൾ പോലെയാണ് കാണപ്പെടുന്നത്. വീടുകൾക്ക് വിശാലമായ വരാന്തകൾ ഉണ്ടായിരുന്നു. ഏതോ പവിത്രമായ മരം ചില വീടുകളിൽ നട്ടിരുന്നു. കിണർ എല്ലാ വീടുകളിലും ഉണ്ട്. വെള്ളം സംഭരിക്കാൻ വലിയ സംഭരണികൾ മിക്ക വീടുകളുടേയും ഇടയിലായി കാണപ്പെട്ടു.

നഗര ശുചീകരണ പദ്ധതി

ലോഥലിനെ കിണറും ഓവ് ചാലും

മറ്റ് സമകാലിക സംസ്കൃതികളിൽ കണ്ടെത്തിയിട്ടില്ലാത്ത ചിട്ടപ്പെടുത്തിയ നഗരശുചീകരണ വ്യവസ്ഥയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകൾ ചുടുകട്ടകൾ കൊണ്ട് കെട്ടിയവയാണ്. ഇതിൽ നിന്നുള്ള ഓവുകൾ ഒരു പ്രധാന ഓവുചാലുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നു. ഓവുചാലുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ നാളികൾ കാണപ്പെട്ടു. നഗരാസൂത്രണത്തിൽ വളരെ പ്രധാനപ്പെട്ടതാണിത്. അഴുക്കു വെള്ളം ചോർന്ന് കുടിവെള്ളവുമായി കലരാതെ ഇത് സം‍രക്ഷിക്കുന്നു. രണ്ടു നില വീടുകളിൽ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം നാളികൾ വഴി തെരുവുകളിലെ ഓവുചാലുകളിൽ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകൾ കൊണ്ടുള്ള ഒരു ചരിവും (chute) മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സം‌വിധാനം ആധുനികകാലത്തെ ഹാരപ്പൻ വീടുകളിൽ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. കുപ്പയും മറ്റു ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോൾ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സം‍രക്ഷിക്കപ്പെട്ടിരുന്നു. ചപ്പുചവറുകൾ ശേഖരിക്കാൻ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങൾ വച്ചിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കാനുള്ള സം‌വിധാനവും കാണപ്പെട്ടു. കുളിക്കുന്ന സ്ഥലവും ഓവുചാലുകളും
വീടുകൾക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളിൽ പൊതുവായ കിണറുകളും ഉണ്ടായിരുന്നു. ഇവയെല്ലാം പ്രത്യേകം സം‍രക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളിൽ കിണറുകൾ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നർത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാതിരിക്കാൻ പ്രത്യേക ഓവു ചാലു കെട്ടുകയും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കുകയും ചെയ്തവ ആയിരുന്നു

വിസ്തൃതി

ഹരപ്പൻ സംസ്കൃതി ഏതാണ്ട് 800,000 ച.കി.മീ പ്രദേശത്ത് വ്യാപിച്ചിരുന്നു.  തിബറ്റിൽ നിന്നുത്ഭവിച്ച് ഇന്നത്തെ പാക്കിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന സിന്ധുനദിയുടെ താഴേപ്പകുതിയിലെ തടങ്ങളിൽ രൂപംകൊണ്ട മനുഷ്യാവാസവ്യവസ്ഥയായിരുന്നു ഈ സംസ്കൃതി എങ്കിലും അത് പിന്നീട് നാലുപാടുമുള്ള വിദൂരപ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. വടക്ക് -കിഴക്ക് രൂപാർ, മണ്ഡ എന്നി വിടങ്ങൾ വരേയും തെക്കോട്ട് നർമദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങൾ വരെയും ഗുജറാത്തിലെ സുർകോത്തഡ, ദസാല്പൂർ, ധോളവീരാ, കിന്നർഖേഡാ, സൊമ്നാഥ്, റോജ്ദി, ലോഥൾ,എന്നീ പ്രദേശങ്ങൾ വരെ ഇത് വ്യാപിച്ചിരുന്നു. പടിഞ്ഞാറോട്ടു മക്രാൻ തീരത്തുനിന്ന് സുത്കാജൻ‍ദോർ വരെയാണ് ഹാരപ്പ നാഗരികതയുടെ പ്രചാരം. വടക്ക്കിഴക്ക് മണ്ഡാ, ജൻ‍ദോർ, വരെ സുമാർ ആയിരം മൈൽ ദൂരത്തേക്ക് അതെത്തിയിരുന്നു.ഈ സംസ്കൃതി സിന്ധുതടങ്ങൾക്ക് കിഴക്കോട്ട് വ്യാപിച്ചിട്ടില്ലെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. എന്നാൽ രാജസ്ഥാനിലെ കാലിബഗാനിൽ നിന്ന് പൂർവ്വഹരപ്പൻ സംസ്കൃതിയുടെതിനോടൊപ്പം ഹരപ്പൻ സംസ്കൃതിയുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയതോടേ ആ ധാരണ തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് ഹരപ്പൻസംസ്കൃതി വ്യാപിച്ചിരുന്നുവോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. 1958-ൽ യമുനാതടത്തിൽ ഡൽഹിയിൽ നിന്ന് പത്തൊൻപതു കി.മീ. ദൂരേയുള്ള അലംഗിപൂർ എന്ന സ്ഥലത്ത് ഹരപ്പൻ പരിഷ്കൃതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ ആ ധാരണക്കും ഇടിവു തട്ടി.  വ്യാപ്തിയുടെ കാര്യത്തിൽ നൈൽ, യൂഫ്രട്ടിസ്, ടൈഗ്രിസ് നദീതടസംസ്കാരങ്ങളെക്കാളും വിശാലമായിരുന്നു ഹരപ്പൻ സംസ്കൃതിഹാരപ്പയിൽ നിന്നും മൊഹൻജൊ‌ദരോയിൽ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ഉപയോഗിച്ച് കപ്യൂട്ടറിന്റെ സഹായത്തോടെ അന്നത്തെ സിന്ധുതടവാസികളുടെ ശരീരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടന്നിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളിൽ നിന്നും പാവകളുടെ മുഖഭാവങ്ങളിൽ നിന്നും അവരുടെ ശരിരപ്രകൃതിയേയും വേഷഭൂഷാദികളേയും കുറിച്ച് സാമാന്യമായ ധാരണകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നല്ല നാസികയോടു കൂടിയതും സ്വല്പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളിൽ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്. പുരുഷന്മാർ താടി വളർത്തുക പതിവാക്കിയിരുന്നിരിക്കണം.യാഥാസ്ഥിക മുസ്ലിംകളെ അനുസ്മരിപ്പിക്കും വിധം താടി വളർത്തുകയും എന്നാൽ അതേ സമയം മീശ പറ്റേ വടിച്ചു കളയുകയും ചെയ്യുന്ന രീതിയും സ്വീകരിച്ചിരുന്നതായി കാണാം. അവർ അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചു കെട്ടിയിരുന്നു. വിചിത്രമായ തുന്നൽപ്പണിയോട് കൂടിയ ഒരു തരം ഉടുപ്പാണ്‌ അവർ ധരിച്ചിരുന്നത്.മുസ്ലിംകൾ ഹജ്ജ് വേളയിൽ അണിയുംവിധം വലത്തു തോൾ മൂടാത്ത തരത്തിലായിരുന്നു വസ്ത്രധാരണം. സ്ത്രീകൾ തലമുടി ഒരുണ്ടപോലെയാക്കി നാടകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു പതിവ്. മുടി ചീകുവാൻ ആനക്കൊമ്പ് കൊണ്ട് ചീർപ്പുണ്ടാക്കിയിരുന്നു. ചെമ്പു തകിട് തേച്ച് മിനുക്കി കണ്ണാടിയായി ഉപയോഗിച്ചിരുന്നു.

ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചിത്രങ്ങളിൽ നിന്നും പാവകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. മൂന്നും നാലും ഇഴകൾ വരെയുള്ള മാലകൾവളകൾസ്വർണ്ണം കൊണ്ടും വെള്ളികൊണ്ടുമുള്ള മുക്കുത്തികൾമോതിരങ്ങൾ,കടകങ്ങൾ, എന്നിവയും കണ്ടു കിട്ടിയിട്ടുണ്ട്. ഇഴകൾ കൂടുതലുള്ള മാലകൾ കെട്ടുപിണയാതിരിക്കാനായി ഇടക്കിടക്ക് പടികൾ കൊണ്ട് ഇഴകളെ ബന്ധിപ്പിച്ചിരുന്നു. ആഭരണങ്ങളുടെ പണിത്തരം കണ്ട് പുരാവസ്തുഗവേഷകനായ ജോൺ മാർഷൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി.
“ ഈ ആഭരണങ്ങൾ കണ്ടിട്ട് അവ അയ്യായിരം സംവത്സരങ്ങൾക്ക് മുമ്പാണ് ഉണ്ടാക്കിയതെന്ന് പറയാൻ തോന്നുകയില്ല, ലണ്ടൻ പട്ടണത്തിലെ പ്രമുഖരായ ആഭരണശില്പികൾ ഇക്കാലത്തുണ്ടാക്കിയവയാണ് അവയൊക്കെ എന്നുതന്നെ തോന്നിപ്പോകുന്നു ”കൃഷി


ലോകത്തിലെ ആദിമ നാഗരികതകൾ എല്ലാം കാർഷികസമൃദ്ധിയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. ഹരപ്പൻ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ്സിന്ധുനദീതട സംസ്കാരത്തിലെ വലിയ ധാന്യക്കലവറകൾ വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്യവം (ബാർളി), കടുക്പയറു വർഗ്ഗങ്ങൾ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളിൽ നെല്ല് കൃഷി ചെയ്തിരുന്നില്ല. എന്നാൽ ഗുജറാത്തിലെ ലൊഥളിലും മറ്റും നെൽകൃഷി ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു.
കാലിബംഗനിൽ കൃഷിപ്പണിക്ക് നിലം ഉഴുതെടുക്കേണ്ടതിലേക്ക് കൊഴു ഉപയോഗിച്ചിരുന്നതായി കാണുന്നു. എങ്കിലും ഈ കൊഴുവിന്റെ നിർമ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല. അതേസമയം മൊഹഞ്ചദരോവിൽ കൊഴു ഉപയോഗത്തിലിരുന്നോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല.  കൃഷിയോടൊപ്പം കാലിവളർത്തലും സജീവമായിരുന്നു. ആളുകൾക്കുണ്ടായിരുന്ന കാലികളുടെ എണ്ണം വച്ചാണ് അവരുടെ സമ്പത്ത് കണക്കാക്കിയിരുന്നത്.കോലാടുംകാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായിരുന്നു. കാളകളിൽ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളർത്തു മൃഗങ്ങളായി പൂച്ച,നായ് എന്നിവയെയും കോഴി മുതലായ പക്ഷികളേയും വളർത്തിയിരുന്നു. കഴുതയെയും ഒട്ടകത്തിനെയും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു,എന്നാൽ കൃഷിയിൽ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് അറിവായിട്ടില്ല.

തൊഴിലുകൾ

ഹരപ്പൻ സംസ്കൃതിയിൽ നിലവിലുണ്ടായിരുന്ന കൈത്തൊഴിലുകളിൽ എടുത്തു പറയത്തക്കതാണ് മൺപാത്രനിർമ്മാണം. കൈകൊണ്ട് മെനഞ്ഞതുംതികിരി (കുശവന്റെ ചക്രം) ഉപയോഗിച്ച് നിർമ്മിച്ചതുമായ പാത്രങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങൾക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും അവർക്ക് വശമായിരുന്നു. അലങ്കാരപ്പണികൾ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യഘട്ടത്തോടെ ഈ നിർമ്മാണ വൈദഗ്ദ്ധ്യം മങ്ങി മാറുന്നതായി കാണാം.  ഇഷ്ടിക നിർമ്മാണം മറ്റൊരു ശ്രദ്ധേയമായ തൊഴിലായിരുന്നു. ചൂളകളിൽ ചുട്ടെടുത്തവയും അതല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ ഇഷ്ടികകൾ ഇവിടേനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. അവയുടെ പ്രത്യേകതയായി കാണേണ്ടത് കണിശമായി പാലിച്ചിരുന്ന ഒരേ വലിപ്പമാണ്.
ലോഹങ്ങളിൽ ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്. ചെമ്പും തകരവും ചേർന്ന ലോഹക്കൂട്ട് കൊണ്ട് നിർമ്മിച്ച മഴു,ഈർച്ചവാൾകത്തികുന്തമുന എന്നിവ ഇവർ ഉപയോഗിച്ചിരുന്നു. വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിർമ്മിച്ചു.  രാജസ്ഥാനിലെ ഖനികളിൽ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്നു കരുതുന്നു. ഇക്കാരണത്താൽ തന്നെ മൊഹഞ്ചദരോവിൽ വളരെ പരിമിതമായിരുന്നു അവയുടെ ഉപയോഗം. തകരം അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്നു വന്നതായാണ് സൂചന. ചാണകവും കരിയും കത്തിച്ചാണ് ഉലകൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം മൂശകൾ ഇന്നും നിലവിലുണ്ട്. ആഭരണങ്ങൾക്ക് സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നു. സ്വർണ്ണം തെക്കേ ഇന്ത്യയിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ എത്തിയിരുന്നു എന്നും വെള്ളി അഫ്ഗാനിസ്ഥാനിൽനിന്നും കിട്ടിപ്പോന്നു എന്നുമാണ് അനുമാനിക്കപ്പെടുന്നത്. രത്നക്കല്ലുകൾ കൊണ്ടുള്ള ആഭരണനിർമ്മാണം മറ്റൊരു പ്രധാന തൊഴിലായിരുന്നു. നീല ( ലാപിസ് ലസൂലി), പച്ച (ആമസോണൈറ്റ്), ഇളം പച്ച (ടോർക്കോയ്സ്) ചുവപ്പ് (കാർണേലിയൻ) എന്നീ നിറങ്ങളിലുള്ള കന്മണികൾ കൊണ്ട് വളരെ സുന്ദരമായ ആഭരണങ്ങൾ ഉണ്ടാക്കിപ്പോന്നു. ഇതിനുവേണ്ട കല്ലുകൾ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ഖോറേസാൻ, ഹീരപൂർ പാമീർ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്നതായിരിക്കണം. ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലിൽ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തിൽ ഉണ്ടായിരുന്നു. പരുത്തിത്തുണി നെയ്ത്തും രോമങ്ങൾ ഉപയോഗിച്ചുള്ള വസ്ത്ര നിർമ്മാണവും നിലവിൽ ഉണ്ടായിരുന്നു.
കളിക്കോപ്പ് നിർമ്മാണം
കുട്ടികൾക്കുള്ള കളിക്കോപ്പുകൾ നിർമ്മിക്കുന്ന പല സം‌രംഭങ്ങളുടെയും അവശിഷ്ടങ്ങൾ അവിടങ്ങളിൽ കാണപ്പെട്ടിട്ടുണ്ട്. പാവകൾ, മൃഗരൂപങ്ങൾ,ഗോട്ടികൾ, കളിമൺ‌വണ്ടികൾ, കുരങ്ങുകൾ, കിലുക്കങ്ങൾ, പക്ഷിരൂപങ്ങൾ തുടങ്ങി പലരൂപത്തിലുമുള്ള കളിപ്പാട്ടങ്ങൾ കണ്ടെടുക്കപ്പെട്ടു. ചിലതെല്ലാം ദേവതകളുടേതായിരിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഹരപ്പയിൽ നിന്ന് കിട്ടിയ ഒരു സ്ത്രീരൂപത്തിന്റെ അരഞ്ഞാണം പിൽക്കാലത്തുണ്ടായ മിക്ക ശില്പങ്ങളിലും കാണുന്നുണ്ടെന്നു പുരാവസ്തുവിദ്ഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശില്പങ്ങളുടെ കൂട്ടത്തിൽ ഓടു കൊണ്ട് തീർത്ത ഒരു നർത്തകിയുടെ രൂപം (ഡാൻസിങ് ഗേൾ) പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ആ രൂപം നഗ്നമാണെങ്കിലും തോൾ മുതൽ കൈത്തണ്ടവരെ വളയണിഞ്ഞിരിക്കുന്നതായാണ്‌. കാണുന്നത്. ഇത് അന്നത്തെ ആദിവാസിവർഗ്ഗത്തിൽ പെട്ട ഒരു ദാസിയുടെ ചിത്രീകരണം ആയിരിക്കാം എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

ഇതേ മാതിരി വളകൾ അണിഞ്ഞ മൺപ്രതിമകൾ ബലൂചിസ്ഥാനിലെ കുല്ലിപ്പട്ടണം ഖനനം ചെയ്തപ്പോഴും കിട്ടിയിട്ടുണ്ട്.

വാണിജ്യം

മൊഹെൻ-ജൊദാരോ യിൽ നിന്ന് കണ്ടെടുത്ത ഒരു കളിപ്പാട്ടം


ഹരപ്പൻ പരിഷ്കൃതിയെപറ്റി അതിശയിപ്പിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അവയിലധികവും വിദൂരവാണിജ്യങ്ങളെ പറ്റിയാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടതിലും അധികം കാർഷികോത്പാദനം നടന്നിരുന്നതുകൊണ്ട് മിച്ചമുള്ളവ ആഡംബരത്തിനും മറ്റു അവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമായി വില്പന നടത്തിയിരുന്നു. നാഗരികതയെ നിലനിര്ത്തിയിരുന്നത് ഗ്രാമങ്ങളിലെ ഈ മിച്ച ഉത്പാദനമാണ്. ആഡംബരവസ്തുക്കളുടെയും മറ്റും ഉത്പാദനത്തിനാവശ്യമായ വിലപിടിച്ച കല്ലുകളും ചെമ്പ്, തകരം തുടങ്ങിയ ലോഹങ്ങളും ദൂരദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തുവന്നു. ഇവിടെ നിന്നും മരങ്ങളും മരസ്സാമാനങ്ങളും മെസോപ്പൊട്ടേമിയ വരെ എത്തിയിരുന്നു. വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്ന ഉല്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത് പ്രധാനമായും നഗരങ്ങളിലാണ്. വളരെയധികം സംഘടിതവും ശാസ്ത്രീയവുമായാണ്‌ ഇത് ചെയ്തിരുന്നത്.  മെസൊപ്പൊട്ടേമിയക്കാർ ലാപിസ് ലസൂലി വാങ്ങിയിരുന്നത് ഹരപ്പയിൽ നിന്നാണ്. ഹരപ്പക്കാർ ഇത് സ്വരൂപിച്ചിരുന്നതാകട്ടെ ഇറാനിൽ നിന്നുമായിരുന്നു.  മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads) തൂക്കക്കട്ടികളും‍ ലഭിച്ചത് മേൽസൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു. മെസോപ്പോട്ടേമിയൻ രേഖകളിൽ ഹരപ്പൻ സംസ്കൃതിയെ മേലുഹ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ലോഹങ്ങൾ മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങി അത് ആയുധങ്ങളും ഉപയോഗമുള്ള മറ്റുപകരണങ്ങളുമാക്കി വില്പന നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ചുരങ്ങൾ വഴിയും മറ്റു മാർഗ്ഗങ്ങളിലൂടേയും ഇവർ ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിദേശവ്യാപാരത്തിലെ നല്ലൊരു പങ്ക് ആഭരണങ്ങളായിരുന്നു. പരുത്തിത്തുണികൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, ചീർപ്പുകൾ, ചെറുചെപ്പുകൾ എന്നിവയും അക്കൂട്ടത്തിൽ പെടുന്നു. മയിൽ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും മെസോപ്പൊട്ടേമിയയിലേയ്ക്ക് കയറ്റി അയച്ചിരുന്നു. രാജസ്ഥാനിലെ സോതി-സിസ്വാൾ നാഗരികതയും മദ്ധ്യേന്ത്യയിലെ കയതാ സംസ്കാരവുമായും ഇവർ വ്യാപാരത്തിലേർപ്പെട്ടിരുന്നു. ആഭരണങ്ങൾക്കായുള്ള മണികളുടെ(beads) നിർമ്മാണം ഇവിടത്തെ പ്രത്യേകതയായിരുന്നു. ഇതിനായി വിദഗ്ദരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. സ്വർണ്ണം, ചെമ്പ്, കക്ക, വിലപിടിപ്പുള്ള കല്ലുകൾ, ആനക്കൊമ്പ് എന്നിവയിൽ മണികൾ നിർമ്മിക്കാനറിയാവുന്ന വിദഗ്ദരായ തൊഴിലാളികൾ ഉണ്ടായിരുന്നു. മേല്പറഞ്ഞവ നിർമ്മിക്കാനുപയോഗിച്ചിരുന്ന പിത്തളയും കല്ലുംകൊണ്ടുള്ള ഉപകരണങ്ങൾ വില്പനക്കും ലഭ്യമായിരുന്നു. വാണിജ്യാവശ്യങ്ങൾക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു. ഈ വണ്ടികൾക്ക് കട്ടച്ചക്രങ്ങളാണ് ഉണ്ടായിരുന്നത്. പായ്ക്കപ്പലുകൾ ഉപയോഗപ്പെടുത്തി നദീ മാർഗ്ഗം വാണിജ്യം നടത്തിയിരുന്നു എന്നും കരുതപ്പെടുന്നു.

ഭാഷസിന്ധു നദീതടസംസ്കാരത്തിലെ ഭാഷ ഈ ആധുനികശാസ്ത്രയുഗത്തിലും ഒരു പ്രഹേളികയായിത്തന്നെ തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ഈ ഭാഷ ആദ്യന്തം മനസ്സിലാക്കുക എന്ന കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയംവിനാ അത്‌ സാധിച്ചവരില്ല.  എല്ലാവരും ഈ ഭാഷ വ്യാഖ്യാനിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌.


ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഖണ്ഡങ്ങൾ ആണ് ഇൻഡസ് ലിപി (ഹാരപ്പൻ ലിപി). ഒരു ലിപി എന്ന പേരിൽ ഹരപ്പൻ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്ന തെളിവുസാമഗ്രികൾ സീലുകൾ അഥവാ മുദ്രക്കട്ടകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി 4000 ത്തോളം മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. ഇത്രയും മുദ്രക്കട്ടകളിലെ മുദ്രകളുടെ ശരാശരി എണ്ണം 4.6 ആണ്. ഏറ്റവും വലുതിൽ 17 എണ്ണം വരും. പതിനാലു‌ മുദ്രകളുള്ള രണ്ടെണ്ണവും പത്ത് മുദ്രകളുള്ള ഏതാനും കട്ടകളും കിട്ടിയിട്ടുണ്ട്. നൂറോളം എഴുത്തുകൾ വെറും രണ്ടേ രണ്ട് മുദ്രകൾ മാത്രമുള്ളവയാണ്. 

കളിമണ്ണ് പരത്തിയെടുത്തോ, മൃദുവായ കല്ലുകളിൽ കൊത്തിയെടുത്തോ, ചെമ്പുതകിടുകളിലോ നിർമ്മിച്ച ധാരാളം സീലുകൾ സിന്ധുതടപ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ചതുരാകൃതിയിലായിരുന്ന അവയിൽ മിക്കതിലും മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. അപൂർവ്വം ചിലവയിൽ എതോ തരം സസ്യങ്ങളുടേ ചിത്രങ്ങളും മറ്റു ചിലതിൽ എഴുത്തുകൾ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത എല്ലാ സീലുകളിൽനിന്നും അക്ഷരങ്ങൾ മാത്രമെടുത്ത്‌ ഒരക്ഷരമാലയുണ്ടാക്കിയാൽ അത്‌ 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയിൽത്തന്നെ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളിൽപ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ്‌ അവ. 

ഹരപ്പാ ലിപി പഠനത്തിന്റെ ആദ്യഘട്ടത്തിൽ താരതമ്യപഠനത്തിനായിരുന്നു പ്രചാരം. ഹരപ്പയിലേയും മെസോപൊട്ടേമിയയിലേയും സുമേരിയൻ സംസ്കൃതിയിലേയും സമാനതകളുള്ള സീലുകളും അക്ഷരങ്ങളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് എൽ.എ. വേഡൽ ആണ്‌ ആദ്യമായി ഹരപ്പൻ ലിപി പഠനം തുടങ്ങിയത്. വേഡൽ ഹരപ്പൻ ലിപിയെ ഇൻഡോ സുമേറിയൻ എന്നു വിളിക്കുകയുണ്ടായി. സുമേരിയന്മാർ ആര്യന്മാരാണെന്ന വിശ്വാസം കാരണം ഹരപ്പന്മാരും ആര്യൻ വംശജരാണെന്നദ്ദേഹം ഊഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വാദഗതികളിൽ അടിസ്ഥാനപരമായിത്തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വേഡലിന്റെ സിദ്ധാന്തം ഗവേഷകർക്കിടയിൽ അത്ര സ്വീകാര്യമായില്ല.

സുമേരിയൻ കൂണിഫോം, ഈജിപ്ഷ്യൻ ഹേയ്റോഗ്ലിഫിക്സ് എന്നിവയുമായും പ്രാക്തന ഹിറൈറ്റ്, ചൈനീസ്, ഇന്ത്യൻ താന്ത്രിക ചിഹ്നങ്ങൾ എന്നിവയുമായും ഹരപ്പൻ ലിപി ഇത്തരത്തിൽ താരതമ്യപഠനത്തിനു വിധേയമായിട്ടുണ്ട്. 

ഹരപ്പൻ സീലുകൾ ഏറ്റവുമാദ്യം പ്രസിദ്ധീകരിച്ചത്‌ ആർക്കിയോളജിക്കൽ സർവേ ഡയറക്റ്ററായിരുന്ന എ. കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതിൽ ഉപയോഗിച്ചിരിക്കുന്ന ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പിന്നീട്‌ നടന്ന ഉൽഖനനങ്ങൾ നിരവധി സീലുകളുടെ കണ്ടെത്തൽകൊണ്ട് സമ്പന്നമായിരുന്നെങ്കിലും അവയിലെ ഭാഷ അജ്ഞാതമായിത്തന്നെ തുടർന്നു. ഈജിപ്തിലെ റഷീദു ശില പോലെയോ(Rosetta Stones) അല്ലെങ്കിൽ ഇറാനിലെ ബെഹിസ്തൂൻ (Behistun) സ്മാരകം പോലേയോ ഉള്ള ബഹുഭാഷാലിഖിതങ്ങൾ ഹരപ്പൻ സീലുകളിൽനിന്ന് കിട്ടിയിരുന്നുവെങ്കിൽ അത് വായിച്ചെടുക്കാൻ എളുപ്പമാകുമായിരുന്നു. ഒരേ ആശയമോ വിവരമോ ജ്ഞാതമായ മറ്റേതെങ്കിലും ഭാഷയിലുംകൂടി ലഭ്യമാകുകയെന്നത് സൈന്ധവലിപിയുടെ കാര്യത്തിൽ ഇതുവരേയും ഉണ്ടായിട്ടില്ല.

1930-ല്‌ ഓക്സ്‌ഫോർഡ്‌ സർവ്വകലാശാലയിലെ ജി.ആർ. ഹണ്ടർ ഈ ലിപികളിലെ വ്യത്യസ്തങ്ങളായ 396 ചിഹ്നങ്ങൾ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളിൽ 23 എണ്ണം കൂടി വേർതിരിച്ചെടുക്കപ്പെട്ടു. അറിയപ്പെട്ട 2290 ഫലകങ്ങളിലായി മൊത്തം 13,376 ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 ചിഹ്നങ്ങളിൽ 113 എണ്ണം ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിഹ്നങ്ങൾ രണ്ട്‌ പ്രാവശ്യവും 200ഓളം എണ്ണം പല ആവർത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ബ്രിട്ടിഷ്‌ ഇന്തോളജിസ്റ്റായ മാർഷലും സഹപ്രവർത്തകരും ഹരപ്പൻ ഭാഷ ചിത്രാക്ഷരലിപികളാണെന്നും (Heiroglyphic) ക്രീറ്റൻ-സുമേറിയൻ എഴുത്തുകളോട്‌ ഇവയ്ക്ക്‌ ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തിൽ തോന്നുന്നതുമാത്രമാണെന്നും യഥാർഥത്തിൽ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി.

1930 കളുടെ അന്ത്യത്തിൽ ചെക്കോസ്ലാവാക്യൻ ഗവേഷകനായ ബി.ഹോസ്നി (Bedřich Hrozný) ഹിറൈറ്റ്‌ ഭാഷയുമായി അവക്ക്‌ സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂർവ്വം ചില മുദ്രകൾ ഫിന്നീഷ്യൻ-ക്രീറ്റൻ ലിപികളോടും സാദൃശ്യം പുലർത്തുന്നുണ്ട്‌ എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു. എന്നാൽ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോൺഗാഡ്‌ ലെവിനും, ഗുറോവും ഈ വാദത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. ഹിറൈറ്റ്‌ ചിത്രലിപികളിൽ നിന്ന് 1000 വർഷങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ മറ്റൊരു നിഗമനവും തെറ്റാണെന്നാണ്‌ ചരിത്രകാരനായ ഡിറിംഗർ അഭിപ്രായപ്പെട്ടത്‌.


ആധുനിക പഠനങ്ങൾ


ഭാഷാപഠനത്തിൽ കമ്പ്യൂട്ടറിന്റെ ഉപയോഗം സാദ്ധ്യമായതോടെ ഇത്തരം നിഗൂഢലിപികൾ വായിക്കാനുള്ള ശ്രമങ്ങൾ കൂടുതലായി നടന്നു. ഫാ. ഹെറാസും ജി.ആർ ഹണ്ടറുമായിരുന്നു അതിനു മുമ്പ് ഈ ദിശയിൽ പ്രധാന ശ്രമങ്ങൾ നടത്തിയവർ.  വളരെ ബൃഹത്തും ആത്മാർത്ഥവുമായിരുന്നു ആ പഠനങ്ങളെങ്കിലും അവക്കുവേണ്ടി നിർണ്ണയിച്ച അടിസ്ഥാനമാനദണ്ഡങ്ങൾ കഠിനങ്ങളായിരുന്നതുകാരണം അവയെല്ലാം ദുർബലമായിത്തീർന്നു.
കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ഹരപ്പൻ ഭാഷാ പഠനം ആദ്യമായി നടത്തിയത്‌ സോവിയറ്റ്‌ -ഫിന്നീഷ്‌ ശാസ്ത്രജ്ഞരായിരുന്നു. ഫിന്നീഷ്‌ ശാസ്ത്രജ്ഞരിൽ പ്രമുഖർ അസ്കോ പർപ്പോള, സൈമോ പർപ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായം ഹരപ്പൻ ഭാഷ ഏതോ ദ്രാവിഡിയൻ ഭാഷയാണെന്നും അത്‌ വലത്തു നിന്നും ഇടത്തോട്ടാണ്‌ എഴുതിയിരുന്നതെന്നും ആയിരുന്നു. അവരുടെ കണ്ടെത്തലുകൾ സോവിയറ്റ്‌ ശാസ്ത്രജ്ഞരുടേതുമായി സാമ്യം ഉള്ളതായിരുന്നു. ഈ കണ്ടുപിടുത്തങ്ങൾ നിഗൂഢഭാഷാപാരായണചരിത്രത്തിലെ മൂലക്കല്ലാണ്‌ എന്നാണ്‌ ഡോ. സ്വെലേബിൽ വിശേഷിപ്പിച്ചത്‌. (ദ്രവീഡീയൻ ലിങ്ങ്വിസ്റ്റിക്സ്‌)
ഇവരെ കൂടാതെ ഇന്ത്യക്കാരായ ഐരാവതം മഹാദേവൻ, എസ്‌.ആർ. റാവു, അമേരിക്കക്കാരനായ വാൾട്ടർ ഫെർസെർവീസ്‌, കിന്നിയർ-വിൽസൺ എന്നിവരും ഈ ദിശയിൽ പഠനം നടത്തുകയുണ്ടായി. പക്ഷെ ഈ പഠനങ്ങളുടെ ഫലമായി അഭിപ്രായൈക്യത്തേക്കാളുപരി അഭിപ്രായവ്യത്യാസങ്ങളാണുണ്ടായത്. ഡോ. എസ്‌.ആർ. റാവു ലിപി വായിക്കുന്നതിൽ വിജയിച്ചു എന്നും അത്‌ പ്രാഗ്‌സംസ്കൃതമായിരുന്നു എന്നുമാണ്‌ ചിലർ അദ്ദേഹത്തെ ഉദ്ധരിച്ച്‌ പറയുന്നത്‌.. അദ്ദേഹത്തിനും അങ്ങനെ ഒരഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹത്തിന്റേത് ഒരു വ്യാഖ്യാനശ്രമം മാത്രമായിരുന്നു. ഐരാവതം മഹാദേവനെപ്പോലുള്ള പ്രഗല്ഭരായ ഭാഷാവിദഗ്ദ്ധർ റാവുവിന്റെ ശ്രമത്തെ അബദ്ധജടിലമെന്നാണ്‌ വിലയിരുത്തിയത്‌.  യു.എസ്‌.എസ്‌.ആർ. അക്കാദമി ഓഫ്‌ സയൻസിന്റെ ആഭിമുഖ്യത്തിൽ രൂപീകതമായ മറ്റൊരു സമിതിയും പഠനങ്ങൾ നടത്തിയവരിൽപ്പെടുന്നു. വടക്കേ അമേരിക്കയിലെ പ്രാചീന നാഗരികതയായിരുന്ന മായൻ ഭാഷ വായിക്കന്നതിൽ വിജയിച്ച കൊറോസോവ്‌ ആയിരുന്നു അവരിൽ പ്രമുഖൻ.
ഇന്ത്യയിൽ ഐരാവതം മഹാദേവനാണ്‌ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച്‌ നിഗൂഢഭാഷാപാരായണത്തിന് ഹരപ്പൻ ഭാഷയെ വിധേയമാകിയത്. ഇതാരംഭിച്ചത് 1971-ൽ ആയിരുന്നു. ഹാരപ്പൻ ഭാഷയുടെ പിന്തുടർച്ചയിൽ വരുന്നത് ഒന്നുകിൽ ഹിടൈറ്റ് ഭാഷയും സംസ്കൃതവും ജർമ്മനും ഇംഗ്ലീഷും അടങ്ങുന്ന ഇന്തോ- യൂറോപ്യൻ ഭാഷകളോ, അല്ലെങ്കിൽ പ്രാചീന ഏഷ്യാമൈനറിൽ നിലനിന്നിരുന്ന ഈലമൈറ്റോ സുമേറിയനോ അതുമല്ലെങ്കിൽ ഇന്ത്യയിൽ നിലനിന്നിരുന്ന ദ്രവീഡിയനോ മുണ്ടയോ ആയിരിക്കാം എന്നാണ്‌ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ചിലെ സോഫ്റ്റ്‌വെയർ പ്രവീണരുമായി ചേർന്ന് ഐരാവതം കണ്ടെത്തിയത്‌.
1974 ൽ കിന്നിയറും വിൽസണും മറ്റൊരു രീതി നിർദ്ദേശിച്ചു. ഹരപ്പൻ സീലുകളിലെ അക്കങ്ങളെക്കുറിക്കുന്ന സംജ്ഞകൾ തിരഞ്ഞെടുത്ത്‌ പഠിച്ചതുവഴി അവക്ക്‌ സുമേറിയൻ അക്ക സമ്പ്രദായങ്ങളോട്‌ വളരെയധികം സാമ്യമുണ്ടെന്ന കണ്ടെത്തലായിരുന്നു അത്‌… ഇത്‌ മൂലം സുമേറിയനും ഹരപ്പനും മറ്റേതോ പൊതുഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നുമായിരുന്നു അവരുടെ നിഗമനം. ഇതിനെ ആസ്പദിച്ച്‌ ഉത്ഭവം ദ്രാവിഡമാവാമെന്ന് ഡോ. സ്വിലെബിൽ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ ആർക്കിയോളജിസ്റ്റായ ഡോ. ഫെയർസെർവീസിന്റെ അന്വേഷണങ്ങളും ഹരപ്പൻ ഭാഷ ദ്രവീഡിയനാണ്‌ എന്ന നിഗമനങ്ങളിലാണ്‌ എത്തിനിന്നത്‌.
എസ്‌. ആർ. റാവു (സംസ്കൃതം എന്ന്) ഒഴിച്ച്‌ മറ്റുള്ള ഗവേഷകരായ കോറോസോവ്‌, ഓൾഡെറോഗി, വോൾപോക്‌, അലക്സീവ്‌, കോൺട്രാടോവ്‌, ഗ്ഗുറോവ്‌, ബോൺഗാഡ്‌ ലെവിൻ, അസ്കോ പർപോള, സൈമോ പർപോള, മഹാദേവൻ, കാമിൽ സ്വലേബിൽ തുടങ്ങി എല്ലാവരും തന്നെ ദ്രാവിഡഭാഷാലിപിയായിരുന്നു ഹരപ്പൻ ലിപി എന്നുള്ള അഭിപ്രായക്കാരായിരുന്നു. 

 

മറ്റു ചില സീലുകൾ


ഹരപ്പൻ ലിപിയിലെ ചിഹ്നം, അതിന്റെ ശബ്ദമൂല്യം, ലിപി പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്നീ വസ്തുതകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഫാദർ ഹെരാസ് ആണ്.  ഇവ ഉപയോഗത്തിലിരുന്ന കാലം ബി.സി.ഇ. 2600 മുതൽ 1900 വരെ ആണെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

ലിപിയുടെ പ്രത്യേകതകൾ


ലിപി വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ
ഈ ലിപി വായിച്ചെടുക്കാനായി പല ഗവേഷകരും വിവിധങ്ങളായ ആശയങ്ങൾ മുന്നോട്ടു വക്കുകയും അവയുടെ ചുവടുപിടിച്ച് മുന്നോട്ടു പോയി സ്വന്തം നിഗമനങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പുരാവസ്തുഗവേഷകരുടെ പൊതുസമൂഹം ഇവയിൽ ഒന്നിനെയും അംഗീകരിച്ചിട്ടില്ല. ഈ ലിപിയുടെ നിഗൂഢതയുടെ ചുരുളഴിക്കുന്നതിന് പ്രധാന തടസ്സങ്ങളായി പറയുന്നത് ഇവയാണ്:
ഈ ലിപിക്കു പിന്നിലുള്ള ഭാഷയോ ഭാഷാകുടുംബമോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ലിഖിതങ്ങളുടെ ശരാശരി നീളം അഞ്ച് മുദ്രകളിൽ കുറവാണ്. ഏറ്റവും നീണ്ട ലിഖിതത്തിന് 27 മുദ്രകൾ മാത്രമേ നീളം ഉള്ളൂ.

ഹരപ്പൻ ലിപിയുള്ള ബഹുഭാഷാലിഖിതങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

ലിപി വായിച്ചെടുത്തവരുടെ നിഗമനങ്ങൾ

ഈ നിഗമനങ്ങൾ ഒന്നും തന്നെ ശാസ്ത്രസമൂഹം ആധികാരികമായി അംഗീകരിച്ചിട്ടില്ല. ഈ നിഗമനങ്ങളുടെ സാധുത പരിശോധിക്കുവാൻ കഴിവുള്ള ഒരു പ്രഗല്ഭ സമിതിയോ വ്യക്തികളോ ഇന്നും ഇല്ലെന്നുള്ളതും കണക്കിലെടുക്കേണ്ടതുണ്ട്.

സാന്താൾ വർഗ്ഗക്കാരുമായുള്ള ബന്ധം

ഏറ്റവും ഒടുവിലായി സാന്താൾവർഗ്ഗക്കാരുടെ ആരാധനകളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളുമായി ഹരപ്പൻ ലിപിയെ ബന്ധപ്പെടുത്തിക്കൊണ്ടും ഒരു പഠനം നടന്നിട്ടുണ്ട്. കൃഷിയും വാണിജ്യവുമായി സിന്ധുനദീതടങ്ങളിൽ മനോഹരമായ കോട്ടകൾ പണിത് പാർത്തുവന്ന ഒരു കാലത്തെക്കുറിച്ചുള്ള വർഗസ്മൃതി സന്താളുകളുടെ പാട്ടുകളിൽ മയങ്ങിക്കിടക്കുന്നുണ്ട്. ഒടുവിൽ ആ മണ്ണ് വെടിഞ്ഞ് ഓടിപ്പോന്നതിന്റെ സൂചനകളും അവയിലുണ്ട്. സന്താൾ വർഗ്ഗക്കാരുടെ ഭാഷാലിപികൾക്ക് ഈ ബന്ധമൊന്നുമില്ലെങ്കിലും ഒരുതരം താന്ത്രികത നിറഞ്ഞുനിൽക്കുന്ന അവരുടെ ആരാധനാലിപികളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണിത്.

ഹാരപ്പയില്‍ വീണ്ടും ഉത്ഖനനം

വാരണാസി : അമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുരാവസ്തു ഗവേഷകരുടെ ഒരു സംഘം സിന്ധു നദീതട നാഗരികതയുടെ കിഴക്കന്‍ അതിര്‍ത്തി തേടിയിറങ്ങുന്നു.

നോയിഡയ്ക്കും മീററ്റിനും ഇടയ്ക്കുളള രണ്ട് സ്ഥലങ്ങളാണ് ഉത്ഖനനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1957-58 കാലത്താണ് ഈ പ്രദേശത്ത് പര്യവേഷണം നടത്തിയത്. ഹാരപ്പ സംസ്ക്കാരത്തിന്റെ കിഴക്കേ അതിരാണ് ഈ മേഖലയെന്ന് പണ്ഡിതര്‍ വിശ്വസിക്കുന്നു.

മീററ്റിലെ അലാംഗിര്‍പൂര്‍ വില്ലേജിലും ഗൗതംബുദ്ധ നഗറിലെ ബുലന്ദ്ഖേര വില്ലേജിലുമാണ് ഉത്ഖനനം നടക്കുന്നത്.

പ്രാചീന സംസ്ക്കാരത്തിന്റെ അറിയപ്പെടാത്ത പല വശങ്ങളിലേയ്ക്കും വെളിച്ചം വീശാന്‍ ഈ പഠനം സഹായിക്കുമെന്ന് കരുതുന്നതായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ആര്‍ക്കിയോളജി വിഭാഗം മേധാവി പ്രൊഫസര്‍ പരസ് നാഥ് സിംഗ് പറയുന്നു.

വര്‍ഷങ്ങളായി ഈ പ്രദേശത്തെ ഗ്രാമീണര്‍ക്ക് പൗരാണിക കാലത്തെ നാണയങ്ങളും കളിമണ്‍ പാത്രങ്ങളും ലഭിച്ചു വരുന്നുണ്ട്. ആഭരണങ്ങളണിഞ്ഞ ഒരു യുവതിയുടെ ശവശരീരം കിട്ടിയതായും വാര്‍ത്തകളുണ്ടായിരുന്നു. മഹാഭാരത കാലത്തെ ഹസ്തിനപുരം ഈ പ്രദേശമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഗ്രാമവാസികളില്‍ നിന്ന് ശേഖരിച്ച പുരാവസ്തുക്കള്‍ 1500 ബിസിയ്ക്കും 700 ബിസിയ്ക്കും ഇടയിലുളളതാണെന്ന് കരുതപ്പെടുന്നു. കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയിട്ടില്ല.

രണ്ടാം ഘട്ട ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് പുരാവസ്തു ഗവേഷക സംഘം സര്‍ക്കാരില്‍ നിന്നും അനുമതി ചോദിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി, ജിയോളജി, സുവോളജി വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘമാണ് ഇക്കുറി പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ടാം ഘട്ട പഠനം സിന്ധു നദീതട സംസ്ക്കാരത്തെക്കുറിച്ച് കൂടുതല്‍ കൃത്യമായ അറിവു നല്‍കുമെന്ന് കരുതുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച ഈ കാലത്ത് പുതിയ പര്യവേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ചരിത്രാന്വേഷണത്തില്‍ കൗതുകമുളളവര്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.