ആരായിരിക്കും ആദ്യമായി ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളെ കണ്ടു വിസ്മയിച്ച ആദിമ മനുഷ്യൻ ?? അങ്ങനെ ഒരാളെ കണ്ടു പിടിക്കാൻ വലിയ പാടായിരിക്കും കാരണം മനുഷ്യൻ ഒരു സ്പീഷീസ് എന്ന നിലക്ക് വേർതിരിയുന്നതിനു മുൻപ് തന്നെ അവൻ ചുറ്റുപാടുകളെ വീക്ഷിക്കുകയും പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ചരിത്രം പറയുന്നത് . അങ്ങനെയെങ്കിൽ പ്രാചീന മനുഷ്യന്റെ ആയുസ്സിന്റെ പകുതിയും അവന്റെ തലക്ക് മുകളിൽ വർണ വിസ്മയം തീർത്തു ഉദിച്ചു നിന്നിരുന്ന നക്ഷ്ത്ര വിളക്കുകളെ അവൻ അതിലും മുൻപേ നോട്ടമിട്ടിട്ടുണ്ടാവണം. ആകാശത്തെ വർണ വിളക്കുകൾ ( ഭൂമിയിൽ ഒരു വൈദ്യുതി വിളക്ക് പോലും ഇല്ലാതിരുന്ന കാലത്ത് രാത്രി ആകാശം എത്ര ഇരുണ്ടതും നക്ഷത്രങ്ങൾ എത്ര തിളക്കമുള്ളതും ആയി കണ്ടിരിക്കണം എന്ന് വെറുതെ ഒന്ന് ഭാവനയിൽ കണ്ടു നോക്കൂ ) ആ ഗുഹാവാസികളെ തീർച്ചയായും അത്ഭുതപെടുത്തിയിരിക്കണം. അതിൽ നിരീക്ഷണ പാടവം കൂടുതലുള്ള ചിലർ ചില വിളക്കുകൾ വളരെ വേഗം സഞ്ചരിക്കുന്നതായും ചിലവ നിശ്ചലമായി ഇരിക്കുന്നതും ശ്രദ്ധിച്ചു കാണും ഉദിച്ചും അസ്തമിച്ചും മറയുന്ന സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു എന്ന് ഒറ്റനോട്ടത്തിൽ അവൻ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ . അങ്ങനെ മനുഷ്യൻ കൂടുതൽ പുരോഗമിക്കുകയും ഒരിടത്തു സ്വസ്ഥമായി ജീവിക്കാൻ പാകപ്പെടുകയും ചെയ്തതോടെ ചിന്തിക്കാനും പഠിക്കാനും കൂടുതൽ സമയം കിട്ടിയതോടെ ആകാശത്തെ നിശ്ചലമായ നക്ഷത്രങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും അതോടൊപ്പം തന്നെ സഞ്ചരിക്കുന്ന നക്ഷത്രങ്ങളും അടങ്ങിയ ഒരു സിസ്റ്റം അവൻ മനസ്സിലാക്കിയിരിക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ആ അഞ്ച് സഞ്ചരിക്കുന്ന വെളിച്ചങ്ങളെ അവൻ ഗ്രഹങ്ങൾ (planets ) എന്ന് വിളിച്ചു. അവയെ പോലെ തന്നെ ഭൂമിയിൽ നിൽക്കുമ്പോൾ അവനു ചുറ്റും തിരിയുന്ന സൂര്യനെയും ചന്ദ്രനെയും ആ ഗ്രഹങ്ങൾക്കൊപ്പം എണ്ണി . അതായിരിക്കണം ജ്യോതിശാസ്ത്രത്തിന്റെ തുടക്കം . ഏറ്റവും പഴക്കമുള്ള പ്രകൃതിശാസ്ത്രം (Natural Science ) അങ്ങനെ ജ്യോതിശാസ്ത്രം ആയിത്തീർന്നു.
എന്നാൽ ഈ കണ്ടെത്തിയ ഗ്രഹങ്ങളെല്ലാം ദൈവങ്ങളെയും ദേവതകളായും ആയ പ്രാചീന മനുഷ്യർ അതോടൊപ്പം കരുതിപ്പോന്നു എന്നതാണ് സത്യം. ഭൂമിക്ക് ചുറ്റും സൂര്യനും ചന്ദ്രനും അടക്കം അന്നത്തെ ഏഴു ‘ഗ്രഹങ്ങളും’ കറങ്ങുന്നതിനാൽ ഭൂമിയായിരിക്കും പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന ഭൗമ കേന്ദ്ര സിദ്ധാന്തം ഉണ്ടായി. പക്ഷെ അങ്ങനെ വിശ്വസിക്കുന്നവർക്കൊപ്പം തന്നെ കൂടുതൽ കൂടുതൽ അറിവ് തേടി അലഞ്ഞിരുന്ന ശാസ്ത്രകുതുകികൾ ഉണ്ടായിരുന്നത് കൊണ്ട് പുതിയ പുതിയ മെച്ചപ്പെട്ട അറിവുകൾ മനുഷ്യർക്ക് കിട്ടിക്കൊണ്ടേയിരുന്നു സംസ്കാരങ്ങൾ പന്തലിക്കുകയും മനുഷ്യൻ അവനറിയുന്ന പ്രദേശങ്ങളിൽ എല്ലാം സഞ്ചരിക്കാനും തുടങ്ങിയതോടെ മറ്റെല്ലാ അറിവുകൾക്കും ഒപ്പം ജ്യോതിശാസ്ത്രവും കൂടുതൽ കൂടുതലായി പുരോഗമിക്കപ്പെട്ടു . പുരാധന ബാബിലോണിയ ആയിരുന്നു ആദ്യകാലത്ത് ജ്യോതിശാസ്ത്രത്തിനു ഏറ്റവും വളക്കൂറുള്ള മണ്ണ്. അതോടൊപ്പം എല്ലാ പുരാധനന സംസ്കാരങ്ങളിലും ജ്യോതിശാസ്ത്ര അവഗാഹം നില നിന്നിരുന്നു. മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുതയാണ് ഈ ജ്യോതിശാസ്ത്രത്തിലുണ്ടായ മനുഷ്യന്റെ കൗതുകം. എല്ലാ ദൈവവിശ്വാസങ്ങളും മത വിശ്വാസങ്ങളും ഉരുത്തിരിഞ്ഞു വന്നത് ആകാശ ലോകത്തെ നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഗ്രഹങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും ചലനം നിരീക്ഷിച്ച മനുഷ്യർ പതുക്കെ അവയുടെ പാറ്റേൺ കണ്ടെത്തുകയും ഈ നക്ഷത്രങ്ങൾക്ക് മനുഷ്യരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുകയും ജ്യോതിഷം ഉരുത്തിരിയുകയും ചെയ്തു. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ ആണ് പിന്നീട് പുരാധന ലോകത്തെല്ലാം ജ്യോതിശാസ്ത്രത്തിനു അടിസ്ഥാനമായി തീർന്നത്. ജ്യോതിഷത്തോടൊപ്പം ജ്യോത്സത്തിനും ടോളമിയുടെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കുന്നുണ്ട് എന്നതാണ് വസ്തുത. ആ കാലത്തും ജ്യോതിശാശ്ത്രം വിശ്വാസവുമായി കൂടിക്കുഴഞ്ഞു തന്നെയാണ് നിലനിന്നിരുന്നത് .
ഭൂമിയുടെ ആകൃതി
ഭൂമി ഉരുണ്ടിട്ടാണെന്നുള്ള സംശയം പ്രാചിന കാലം മുതലേ മനുഷ്യർക്കുണ്ടായിരുന്നുള്ളൂ. ചന്ദ്രഗ്രഹണ സമയത്തു വട്ടത്തിലുള്ള നിഴൽ വീഴുന്നതും ധ്രുവനക്ഷത്രം തെക്കോട്ടു പോവുമ്പോൾ ചക്രവാളത്തിൽ താഴെയായി കാണുന്നതും എല്ലാമായിരുന്നു ആ സംശയത്തിന് കാരണം. പുരാതന ഗ്രീക്ക് ഗണിതജ്ഞനായ പൈതഗോറസ് ഭൂമി ഉരുണ്ടതായിരിക്കാം എന്ന് നിർദേശിച്ചിരുന്നു. ആര്യഭട്ടയും ഭൂമിയുടെ ആകൃതി ഉരുണ്ടതാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട് പക്ഷെ ബിസി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനായ എരസ്ഥിനാസ് ആണ് ഭൂമിയുടെ ആകൃതി കൃത്യമായി അളന്നു കണ്ടെത്തിയത്. അലക്സാൻഡ്രിയയിലും സീനാട്ട് നഗരത്തിലും സ്ഥാപിച്ച സ്തംഭങ്ങളിൽ വീഴുന്ന നിഴലുകളുടെ വ്യതിയാനം കണക്കാക്കിയായിരുന്നു ഇത് കണ്ടെത്തിയത് .
സൗരയൂഥത്തിന്റെ കേന്ദ്രം
ഭൂമിയുടെ ആകൃതി ഉരുണ്ടതാണ് എന്ന് മനസ്സിലാക്കിയിരുന്നപ്പോഴും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിക്ക് ചുററും ആണ് കറങ്ങുന്നത് എന്ന ഭൗമ കേന്ദ്രീകൃത വാദമായിരുന്നു ഉണ്ടായിരുന്നത് . പ്രാചീന ഗ്രീസിൽ തന്നെ അരിസ്റ്റാർകാസ് തുടങ്ങിയ തത്വചിന്തകർ പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനായി കരുതുകയും ഭൂമി അതിനു ചുറ്റും കറങ്ങുന്നതായും സൂര്യനെപ്പോലുള്ളവയാണ് മറ്റു നക്ഷത്രങ്ങൾ എന്ന് സ്ഥാപിക്കുകയും എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ സ്വീകാര്യരായ ടോളമിയുടെയും അരിസ്റോട്ടിലിന്റെയും എല്ലാം ഭൗമകേന്ദ്ര വാദത്തിനു മുന്നിൽ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. അരിസ്റ്റോട്ടിലും ടോളമിയും ഇന്ത്യയിലെ ആര്യഭട്ടയും എല്ലാം ഭൂമിക്ക് ചുറ്റും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കറങ്ങുന്നു എന്നാണ് കരുതിയിരുന്നത് . വളരെ കാലത്തിനു ശേഷം മധ്യകാലത്തെ ഇരുണ്ടയുഗം കഴിഞ്ഞുള്ള നവോത്ഥാന കാലഘട്ടത്തിൽ നിക്കോളാസ് കോപ്പര്നിക്കസ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യനാണ് എന്ന ആശയം മുന്നോട്ടു വെക്കുന്നത് . 1543 ഈ സിദ്ധാന്തം അവതരിപ്പിച്ച കോപ്പര്നിക്കസിന്റെ പുസ്തകം ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങളിൽ ഒന്നായാണ് ഇന്നും എണ്ണുന്നത്. അന്നുവരെയുണ്ടായിരുന്ന എല്ലാ ജ്യോതിശാസ്ത്ര നിഗമങ്ങളെയും അടിമുടി മാറ്റി മറിക്കുന്നതായിരുന്നു കോപ്പർ നിക്കസിന്റെ സൗര കേന്ദ്രീകൃത സിദ്ധാന്തം. ഭൗമകേന്ദ്ര സിദ്ധാന്തത്തിന് വിശദീകരിക്കാൻ കഴിയാത്ത നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനം കൃത്യമായി വിശദീകരിക്കാൻ ഗണിതജ്ഞനും കൂടിയായ കോപ്പര്നിക്കസിനായി.ജ്യോതിശാസ്ത്രം കൂടുതൽ പക്വതയാർജിക്കുന്നത് ഇതോട് കൂടിയാണ്. വിശ്വാസങ്ങളും ഊഹാപോഹങ്ങളൂം എല്ലാം ഒഴിവാക്കി കൃത്യമായ ശാസ്ത്രസത്യമായി ജ്യോതിശാസ്ത്രം മാറി . ജ്യോതിഷത്തെ അത് പൂർണമായും കയ്യൊഴിയുകയും ചെയ്തു. കോപ്പര്നിക്കസിന്റെ നിർദേശത്തിന് ആദ്യഘട്ടത്തിൽ വലിയ പിന്തുണയൊന്നും കിട്ടിയിരുന്നില്ല കൂടാതെ ക്രൈസ്തവ സഭ ഇതിനെ തള്ളിക്കളയുകയും ചെയ്തു.
സൂര്യന് ചുറ്റും ഗ്രഹങ്ങൾ കറങ്ങുന്നു എന്ന കണ്ടെത്തൽ ഒട്ടേറെ പുതിയ സമസ്യകൾ കൂടെ സൃഷ്ടിച്ചുരുന്നു. ഭൂമിയെ മറ്റു ഗ്രഹങ്ങൾക്കൊപ്പം എണ്ണിയപ്പോൾ ചന്ദ്രനെ ഭൂമിക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹം എന്ന പ്രത്യേക പദവിയിൽ ഇരുത്തി. പക്ഷെ ചന്ദ്രനെ പോലെ വേറെ ഒരു വസ്തുവും സൗരയൂഥത്തിൽ അന്ന് കണ്ടെത്തിയില്ലാത്തതിനാൽ അങ്ങനെ ഒരു ഉപഗ്രഹം എന്ന വിഭാഗമൊന്നും ഉണ്ടായില്ലായിരുന്നു . ഇതിനൊരു മാറ്റം വരുന്നത് ഗലീലിയോയുടെ രംഗപ്രവേശത്തോടെയാണ്
ഗലീലിയോയുടെ ടെലിസ്കോപ്
ജ്യോതിശാസ്ത്ര രംഗത്ത് അന്നുവരെ ഉണ്ടായതിൽ വെച്ച് മറ്റൊരു കുതിച്ചുചാട്ടം ആണ് ഗലീലിയോ സമ്മാനിച്ചത്. ഗലീലിയോ നിർമിച്ച അന്നുണ്ടായിരുനന്നതിൽ ഏറ്റവും ശക്തമായ ടെലിസ്കോപ് ഉപയോഗിച്ച് 1610 ജനുവരി മാസത്തിൽ വ്യാഴ ഗ്രഹത്തിന് അരികിൽ മൂന്നു ചെറിയ ‘നക്ഷത്രങ്ങളെ’ കണ്ടെത്തുക ഉണ്ടായി പിന്നീട് അവ ചലിക്കുന്നതായി കണ്ടെത്തുകയും അവസാനം ഒരെണ്ണം കൂടി കാണുകയും അവയെല്ലാം വ്യാഴത്തെ വലം വെക്കുന്ന ഉപഗ്രഹങ്ങളാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു. ചന്ദ്രൻ ഭൂമിയെ വലം വെക്കുന്നത് പോലെ മറ്റു ഗ്രഹങ്ങളെ ഉപഗ്രഹങ്ങൾ വലം വെക്കുന്നതായി ആദ്യമായി കണ്ടെത്തുകയായിരുന്നു. ഇയോ,യൂറോപ്പ, ഗാനിമേഡ് കാലിസ്റ്റോ എന്നീ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ ഇപ്പോഴും ശാസ്ത്രലോകം ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത് ( വ്യാഴത്തിന് വേറെയും ഉപഗ്രഹങ്ങൾ പിന്നീട് കണ്ടെത്തുകയുണ്ടായി ) സൗരയൂഥത്തിൽ ഗ്രഹങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലുപ്പമുള്ള വസ്തുക്കളാണ് ഈ നാല് ഉപഗ്രഹങ്ങൾ. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾക്കും അവക്ക് പുറമെ ചിന്ന ഗ്രഹങ്ങൾക്കും ചില ആസ്ട്രോയിഡുകൾക്കും വളരെയധികം ഉപഗ്രഹങ്ങൾക്ക് കണ്ടെത്തിയിട്ടുണ്ട് . ഇവയിൽ പലതും ഭൗമ സമാനമായതും ജീവന്റെ സാന്നിധ്യം തേടി പോവാൻ ശാസ്ത്രലോകത്തെ പ്രലോപിപ്പിക്കുന്നതും ആണ് .
മറ്റുഗ്രഹങ്ങളുടെയും ചിന്നഗ്രഹങ്ങളുടെയും കണ്ടെത്തൽ
ഗലീലിയോക്ക് ശേഷം ടെലിസ്കോപ്പുകൾ വൻതോതിൽ വളർന്നതോടൊപ്പം പുതിയ പുതിയ വസ്തുക്കളും വാനലോകത്ത് കണ്ടെത്തപ്പെടുകയുണ്ടായി. ഗലീലിയോ തന്നെ തന്റെ ടെലിസ്കോപ്പ് ഉപയോഗിച്ച് യുറാനസ് നെപ്റ്യൂൺ എന്നിവ കണ്ടെത്തുകയും അവയെ നക്ഷത്രമായി തെറ്റിദ്ധരിച്ചിരിക്കാൻ ഇടയായിട്ടുണ്ടാകണം എന്നും കരുതപ്പെടുന്നു. പിന്നീട് 1781 സാർ വില്യം ഹേഷാൽ യുറാനസും പിന്നീട് യൂറോപ്പിൽ വൻതോതിൽ രൂപീകൃതമായ വാനനിരീക്ഷണ കേന്ദ്രങ്ങളുടെ സഹായത്തോടെ 1846 ഇൽ Urbain Le Verrier നെപ്റ്യൂണിനെയും കണ്ടെത്തി . പിന്നീട് 1930 Clyde Tombaugh എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് പ്ലൂട്ടോ കണ്ടെത്തുന്നത് . സൂര്യനിൽ നിന്ന് വളരെയധികം അകലെ സ്ഥിതി ചെയ്യുന്നതും താരതമ്യേനെ ചെറുതായതും ആണ് പ്ലൂട്ടോ കണ്ടെത്താൻ ഇത്ര വൈകാൻ കാരണം . സൗരയൂഥത്തിന്റെ പുറം പാളിയിലെ Kuiper Belt ലെ ആദ്യ വസ്തുവായ പ്ലൂട്ടോയെ കണ്ടെത്തിയതിലൂടെ kuiper ബെൽറ്റ് കണ്ടെത്തിയതും ഇദ്ദേഹമാണ് എന്ന് പറയാം വൈകാതെ പ്ലൂട്ടോയുടെ ഉപഗ്രഹമായ ചാറോൺ കണ്ടെത്തുകയും നിരവധി സമാന വസ്തുക്കൾ ഈ മേഖലയിൽ കണ്ടെത്തട്ടുകയും ചെയ്തു. ഇത്ര ബൃഹത്തായ ഒരു മേഖലയായി ഇതിനെ കണക്കാക്കി തുടങ്ങിയത് 1992 മുതലാണ് എന്ന് മാത്രം.
Kuiper ബെൽറ്റിന് സമാനമായ ആസ്ട്രോയിഡ് ബെൽറ്റ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഉണ്ട് . 1596 ജർമൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയ ജോനാസ് കെപ്ലർ ( ഈ പേര് ഓർത്തു വെക്കുക ) ആണ് ഇങ്ങനെയൊരു മേഖലയെ കുറിച്ച് ആദ്യം സൂചന നൽകുന്നത് . ഗണിതശാശ്ത്രപരമായി ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വലിയ വിടവ് കണക്കാക്കിയാണ് കെപ്ലർ ഇങ്ങനെയൊരു സൂചന നൽകിയത് . പിന്നീട് യുറാനസ് കണ്ടെത്തിയ കാലത്തു ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ ഒരു വസ്തു ഉണ്ടാവുക എന്നത് ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ കണക്ക് വെച്ച് ഗണിതശാസ്ത്രപരമായി അത്യാവശ്യമാണ് എന്ന് ജ്യോതിശാശ്ത്രജ്ഞർ അഭിപ്രായപ്പെടുകയുണ്ടായി . 1801ഇൽ , Giuseppe Piazz ഈ മേഖലയിൽ സഞ്ചരിക്കുന്ന ഒരു കുഞ്ഞു ഗ്രഹത്തെ കണ്ടെത്തി . അതിനു Ceres എന്ന് പേരിട്ടു. പിന്നീട് ഈ മേഖലയിൽ നിരവധി കുഞ്ഞു കുഞ്ഞു വസ്തുക്കൾ കണ്ടെത്തപ്പെടുകയും അവയെ അസ്ട്രോയിഡ് എന്ന് പേരിടുകയും ചെയ്തു. ഈ മേഖലയെ ആസ്റ്ററോയിഡ് ബെൽറ്റ് എന്ന് വിളിക്കുകയും ചെയ്തു.
Kuiper ബെൽറ്റിന് നു പുറത്തും വളരെയധികം അകലെയായി സൂര്യനെ ചുറ്റുന്ന ഒരു ഒൻപതാമത് ഗ്രഹം ഉണ്ടാവാം എന്ന് ഇന്നു ചില ശാസ്ത്രജ്ഞർ എല്ലാം സംശയം പറയുന്നുണ്ട് . Kuiper ബെൽറ്റിലെ ചില വസ്തുക്കളുടെ ചലനത്തെ ഏതോ വസ്തു സ്വാധീനിക്കുന്നുണ്ട് എന്ന സംശയമാണ് ഈ ഊഹത്തിനു അടിസ്ഥാനം. കാലങ്ങൾക്ക് ശേഷം അതിശക്തമായ ടെലിസ്കോപ്പുകൾ അതിനെയും നമുക്ക് കാണിച്ചൂ തരുമായിരിക്കാം .
സൗരയൂഥത്തിന് പുറത്തേക്ക്
സൗരയൂഥത്തിലെ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുമ്പോഴും സൂര്യന് പുറത്ത് അങ്ങനെയൊരു ഗ്രഹവ്യവസ്ഥ ഉണ്ടോ എന്ന് ശാസ്ത്ര ലോകത്തിനു അറിയില്ലായിരുന്നു . ഇങ്ങനെ ഒരു സാധ്യത ശാസ്ത്രജ്ഞൻമാർ മുന്നോട്ട് വെച്ചിരുന്നു എങ്കിലും അവ കണ്ടെത്താനുള്ള സാധ്യത അങ്ങേയറ്റം അസാധ്യമായിരുന്നു. ശക്തമായ വെളിച്ചമുള്ള നക്ഷത്രങ്ങളുടെ സാന്നിധ്യത്തിൽ ഗ്രഹങ്ങൾ കണ്ടെത്താൻ കഴിയില്ലായിരുന്നു . 1988 മാത്രമാണ് അങ്ങനെ ഒരു സാധ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത്. നക്ഷത്രങ്ങളുടെ വെളിച്ചം ഗ്രഹങ്ങൾ അതിനെ ചുറ്റുമ്പോൾ മാറ്റം വരുന്നത് നിരീക്ഷിച്ചാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. 1992 മാത്രമാണ് ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തെ വലം വെക്കുന്ന ഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തുന്നത്. 1995 ഇൽ സൂര്യസമാനമായ നക്ഷത്രത്തെ വലം വെക്കുന്ന ഒരു ഗ്രഹത്തെ കണ്ടെത്തുകയുദ്ധനായി .
ഇന്ന് ലോകത്താകമാനം നിരവധി ടെലിസ്കോപ്പുകൾ ആകാശലോകത്തേക്ക് കണ്ണും നട്ടിരിക്കുന്നുണ്ട് . ഇനിയും ആ അതുഭുത ലോകത്ത് നിന്ന് നമ്മൾക്ക് അറിവിന്റെ ഖനികൾ വാരിയെടുകുക തന്നെയാണ് അവയുടെ ലക്ഷ്യം . അതിൽ ഭൂമിയിലുള്ള ടെലിസ്കോപ്പുകൾ എല്ലാം തന്നെ ഗലീലിയോ ഉപയോഗിച്ച ആദ്യ ടെലിസ്കോപ്പിനെക്കാൾ എത്രയോ മടങ്ങു ശക്തിയുള്ളതാണ് . അത് കൂടാതെ സ്പേസ് ടെലിസ്കോപ്പുകളും ഉണ്ട്. അതിൽ പ്രധാനമാണ് ഹബിൾ ടെലിസ്കോപ്പ് , കെപ്ലർ ടെലിസ്കോപ്പ് എന്നിവ . വിദൂര നക്ഷത്രങ്ങളും നക്ഷത്രങ്ങളുടെ ജനനങ്ങളും എല്ലാമായി വിലപ്പെട്ട വിവരങ്ങളാണ് ഹബിൾ ഇതുവരെയായി നമുക്ക് നൽകിയത്. എന്നാൽ അതിൽ നിന്ന് ഭിന്നമായി വിദൂര നക്ഷത്രങ്ങളെ വലം വെക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുകയാണ് കെപ്ലറിന്റെ പ്രധാന ദൗത്യം. നേരത്തെ പറഞ്ഞ ജോനാസ് കെപ്ലറിന്റെ പേരാണ് ഈ ഒബ്സർവേറ്ററിക്ക് നൽകിയിരിക്കുന്നത് .
കെപ്ലർ കണ്ടെത്തിയ ഭൂമികൾ
2006 ഇൽ ആണ് കെപ്ലർ വിക്ഷേപിക്കപ്പെടുന്നത്. വിക്ഷേപിക്കപ്പെട്ടു ഇതുവരെയായി 2700 ഗ്രഹവ്യവസ്ഥകളിൽ ആയി 3700 ഓളം ഗ്രഹങ്ങൾ കെപ്ലർ കണ്ടെത്തിയിയിട്ടുണ്ട്. ഇവയിൽ പലതും നക്ഷത്രത്തിന് തൊട്ടടുത്ത് കൂടെ പോവുന്ന ചുട്ടുപഴുത്ത ഗ്രഹങ്ങളോ വളരെ അകലെ കറങ്ങുന്ന ഐസ്കട്ടകളോ അല്ലെങ്കിൽ വാതക ഭീമന്മാരോ ആണ്, ഭൂമി സൂര്യനിൽ നിന്ന് സ്ഥിതിചെയ്യുന്ന ഹാബിറ്റബിൾ സോൺ എന്ന് അറിയപ്പെടുന്ന അകലത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയെ പോലെ ഉറച്ച പ്രതലങ്ങളുള്ള ഗ്രഹങ്ങളും കെപ്ലർ കണ്ടെത്തിയിട്ടുണ്ട് ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങൾ ആണ് ചിത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തുള്ളത്. ( ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം ) ഇതിൽ പലതും ഭൂമിയിൽ നിന്ന് അനേകം പ്രകാശവർഷം അകലെയാണ് ഉള്ളത് . ഭൂമിയെപ്പോലെ പ്രതലവും ജലവും ഉണ്ടെങ്കിലും അവയിൽ ജീവികൾ ഉണ്ടോ ജീവ വായു ഉണ്ടോ . ഉണ്ടെങ്കിൽ തന്നെ അവ എങ്ങനെ ആയിരിക്കും എന്നൊന്നും നമ്മൾക്കിപ്പോഴും അറിയില്ല . ഭൂമിയിൽ നിന്ന് അവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതയും തൽകാലം വളരെ നേർത്തതാണ് . പക്ഷെ ശാസ്ത്രം ഒരിടത്തും കെട്ടി നിൽക്കുകയില്ലല്ലോ അത് കുതിച്ചൊഴികൊണ്ടിരിക്കും . രാത്രി ആകാശത്തിലേക്ക് നോക്കി അത്ഭുതപ്പെട്ട ഗുഹാമനുഷ്യനിൽ നിന്ന് വ്യാഴത്തിന്റെ ചന്ദ്രൻമാരെ കണ്ടെത്തിയ ഗലീലിയോയിലേക്കും അവിടെ നിന്ന് ഭൗമ സമാന ഗ്രഹങ്ങൾ കണ്ടെത്തിയ കെപ്ലർ ഒബ്സർവേറ്ററിയിലേക്കും ശാസ്ത്രം കുതിച്ചെത്തി എങ്കിൽ ഒരു ദിവസം മനുഷനെ ഈ ഗ്രഹങ്ങൾക്കും അപ്പുറം എത്തിക്കാൻ പറ്റും
Article published in the Facebook Page : Me and my thoughts.
You can read the original Post here: