സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയുള്ള പരിണാമം

സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയുള്ള പരിണാമം
Evolutionn

ജീവിവർഗ പരിണാമമെന്നത് അങ്ങേയറ്റം ലളിതമായ ഒരാശയമാണ്.. ഒരു ജീവിവർഗ്ഗത്തിന്റെ കൂട്ടത്തിൽ തുടർച്ചയായ തലമുറകളിൽ സംഭവിക്കുന്ന പാരമ്പര്യ സ്വഭാവത്തിലെ മാറ്റം എന്ന് അതിനെ നമുക്ക് നിർവചിക്കാം.. ജനറ്റിക് ഡ്രിഫ്റ്റ്, ജീൻ ഫ്ലോ എന്നിങ്ങനെയുള്ള പ്രവർത്തങ്ങളും ജീവിവർഗ പരിണാമത്തിനു കാരണമാകുന്നുണ്ട് എങ്കിലും, പരിണാമപ്രക്രീയയുടെ പ്രധാന ചാലകശക്തി നാച്ചുറൽ സെലെക്ഷൻ (സ്വാഭാവിക തിരഞ്ഞെടുപ്പ്) ആണ്.

നാച്ചുറൽ സെലെക്ഷനിലൂടെ സംഭവിക്കുന്ന പരിണാമ പ്രക്രീയ ആരംഭിക്കുവാൻ ചില നടപടിക്രമങ്ങൾ ആവശ്യമാണ്.

1. ജീവികൾ പ്രത്യുല്പാദനം നടത്തണം

2. പ്രത്യുല്പാദനത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങളിലേക്കു ജനിതക പദാര്ഥത്തിലൂടെ തങ്ങളുടെ സ്വഭാവ ഗുണങ്ങൾ കൈമാറ്റം ചെയ്യപ്പെടണം.

3. അത്തരം സ്വഭാവഗുണങ്ങളിൽ വൈവിധ്യം (Variation) വന്നുചേരണം.

4. അങ്ങനെയുണ്ടാകുന്ന വൈവിധ്യങ്ങൾ ജീവികൾക്കിടയിൽ “fitness” സിൽ വ്യതിയാനങ്ങൾ ഉണ്ടാക്കണം.

ഈ നാലു ഉപാധികൾ അംഗീകരിക്കുന്ന ഏതു ജീവിവർഗ്ഗത്തിലും നാച്ചുറൽ സെലെക്ഷനിലൂടെയുള്ള പരിണാമം സംഭവിക്കാം.സ്വാഭാവിക തിരഞ്ഞെടുപ്പ് എങ്ങനെ നടക്കുന്നു എന്ന് മനസിലാക്കാൻ ഒരു കൂട്ടം ജീവിവര്ഗങ്ങളെ സങ്കൽപ്പിക്കാം.. അത് ഒരു ബാക്റ്റീരിയൽ കോളനിയോ, ഒരു വലിയ പൂന്തോട്ടത്തിലെ റോസ് ചെടികളോ, പാറക്കൂട്ടങ്ങളിക്കിടയിൽ ജീവിക്കുന്ന കുറെ എലികളോ, ഒരു പ്രദേശത്തു ജീവിക്കുന്ന പ്രത്യേക പക്ഷി വർഗ്ഗമോ അങ്ങനെ എന്തുമാകാം..

ഈ വക ജീവികളൊക്കെ പ്രത്യുല്പാദനം നടത്തുന്നു എന്നും തങ്ങളുടെ സ്വഭാവഗുണങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നു എന്നതും തർക്കമില്ലാത്ത കാര്യങ്ങളാണല്ലോ.. സന്തതി പരമ്പരകൾക്ക് വേണ്ട നിർദിഷ്ട ശരീരപരവും പെരുമാറ്റപരവുമായ സവിശേഷതകളെ പ്രതുല്പാദന കോശങ്ങളായ അന്ധങ്ങളിലും ബീജങ്ങളിലും സന്നിവേശിപ്പിച്ചു സങ്കലനം നടത്തിയാണ് തലമുറ നിർമാണയത്നം മുന്നോട്ട് പോകുന്നത്. അണ്ഡങ്ങളും ബീജങ്ങളും നിര്മിക്കപ്പെടുമ്പോഴും യോജിപ്പിക്കപ്പെടുമ്പോഴും ജനിതക തലത്തിൽ ഉണ്ടാകുന്ന ജീൻ സിഗ്രിഗേഷൻസ്, റെകോമ്പിനേഷൻസ്, എപിജിനെറ്റിക് വ്യതിയാനങ്ങൾ, എല്ലാത്തിനുമുപരി ജനിതക പദാർത്ഥത്തിന്റെ ന്യൂക്ലിയോടൈഡുകളിലോ ക്രോമസോമുകളിൽ തന്നെയോ സംഭവിക്കുന്ന ഉല്പരിവർത്തനങ്ങൾ (മ്യൂട്ടേഷൻസ്) എന്നിവയൊക്കെ ഒരേ ജീവിവർഗ്ഗത്തിൽ തന്നെ വ്യത്യസ്ത തരം അംഗങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു..

അതായത് പാറക്കെട്ടിലെ എലികൾക്കിടയിൽ അൽപ്പം വലിപ്പം കൂടിയവ, വലിപ്പം കുറഞ്ഞവ, ഇളം നിറത്തിൽ ഉള്ളവ, ഇരുണ്ട നിറത്തിൽ ഉള്ളവ, കാലിനോ വാലിനോ ചുണ്ടിനോ അല്പം നീട്ടം കൂടിയവ-നീട്ടം കുറഞ്ഞവ, നാണമോ ഭയമോ കൂടിയവ-കുറഞ്ഞവ എന്നിങ്ങനെ ശാരീരികമോ പെരുമാറ്റപരമോ ആയ വ്യതിയാനങ്ങൾ ഉള്ള അംഗങ്ങൾ ഉണ്ടായി വരുന്നു.. മനുഷ്യരെ നോക്കൂ.. മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സാദൃശ്യമുള്ളപ്പോഴും അവരിൽ നിന്നും നമ്മൾ വ്യത്യാസപ്പെട്ടിരിക്കുന്നു, ബന്ധമില്ലാത്തവരിൽ നിന്നും നമ്മൾ കൂടുതൽ വ്യത്യസ്തരായിരിക്കുന്നു. ഏതൊരു ജീവിവർഗ്ഗത്തിന്റെ കൂട്ടത്തെ നിരീക്ഷിച്ചാലും ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ പ്രകടമെന്നു കാണാം.

വ്യതിയാനത്തിന് കാരണമായി മേൽപ്പറഞ്ഞ സംഗതികളൊന്നും തന്നെ ഇല്ല എങ്കിൽ ഒരു ജീവി വർഗ്ഗത്തിലെ എല്ലാ ജീവികളും തീർച്ചയായും കാർബൺ കോപ്പികൾ തന്നെയായിരുന്നേനെ.. അങ്ങനെയെങ്കിൽ പരിണാമമെന്ന പ്രക്രീയക്ക് തന്നെ യാതൊരു സാധ്യതയും ഉണ്ടാകുമായിരുന്നുമില്ല..!ജീവിവര്ഗങ്ങള്ക്കിടയിൽ വ്യതിയാനങ്ങൾ ഉണ്ട് എന്നിരിക്കട്ടെ.. അത് സ്വാഭാവിക തിരഞ്ഞെടുപ്പിന് എങ്ങനെ കാരണമാകും..? അതിലേക്കു പോകും മുൻപ് “ഫിറ്റ്നസ്” എന്ന വാക്കിനെ ഒന്ന് നിർവചിക്കേണ്ടതുണ്ട്. പല പോപ്പുലർ സയൻസ് എഴുത്തുകാരും ഫിറ്റ്നസ്സിനെ “അതിജീവനം” എന്ന കുറ്റിയിൽ ഏകപക്ഷീയമായി കൊണ്ട് കെട്ടിയിട്ടുണ്ട്. അത് പൂർണമായും ശരിയല്ല.. ജൈവ ശാസ്ത്രത്തിൽ ഫിറ്റ്നസ് എന്നാൽ “ആപേക്ഷികമായ അതിജീവനവും പ്രതുല്പാദന വിജയവും” എന്ന് പറയുന്നതാവും ശരി.

ഒരു ജീവിക്ക് കൂടുതൽ അതിജീവനശേഷി ഉണ്ടാകുകയും പ്രത്യുല്പാദനശേഷി നഷ്ടപ്പെടുകയും ചെയ്താൽ അതിനു അടുത്ത തലമുറയെ ഉണ്ടാക്കുവാനോ പരിണമിച്ചു മുന്നോട്ടു പോകുവാനോ സാധിക്കുകയില്ല.. മറിച്ചു അതിജീവനശേഷി കുറഞ്ഞു കൂടുതൽ സന്താനങ്ങളെ ഉണ്ടാക്കാൻ സാധിച്ചാലും തലമുറകളെ നിലനിർത്തുക എന്ന ലക്‌ഷ്യം അപ്രാപ്യമായിരിക്കും.. ഇവിടെ അതിജീവനവും പ്രത്യുല്പാദനവും തമ്മിൽ ഒരു ട്രേഡ് ഓഫ് ആണ് സംഭവിക്കുന്നത്.. തലമുറകൾ നിലനിർത്തുവാൻ പ്രതുല്പാദന കാലയളവ് വരെയുള്ള അതിജീവനം ഉറപ്പാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെയാണ് ഫിറ്റ്നസിനെ “ആപേക്ഷികമായ അതിജീവനവും പ്രത്യുല്പാദനവും” എന്ന രീതിയിൽ നിർവചിച്ചത്. ഈ തലത്തിൽ ഹെർബെർട് സ്പെൻസറുടെ “survival of the fittest” വാക്യത്തെ “അടുത്ത തലമുറയിലേക്കു ഏറ്റവുമധികം കോപ്പികളെ കടത്തിവിടുവാൻ സാധിക്കുന്ന മാതൃക (Genotype / phenotype) കൈമുതലായുള്ള ജീവികളുടെ അതിജീവനം” എന്ന നിലയിൽ വേണം മനസിലാക്കുവാൻ..

ജീവികളുടെ പരിസരങ്ങൾ ജീവനുള്ളതും ജീവനില്ലാത്തവയുമായ ഘടകങ്ങളാൽ ചുറ്റപ്പെട്ടതാണ്.. ഒരു ജീവിയെ സംബന്ധിച്ചിടത്തോളം ജീവനുള്ള ഘടകങ്ങൾ എന്നാൽ അത് ആഹാരമാക്കുന്ന ജീവികൾ, അവയെ ആഹരിക്കുവാൻ ശ്രമിക്കുന്ന ജീവികൾ, ആഹാരത്തിനായി ഒപ്പം മത്സരിക്കുന്ന ജീവികൾ, ശരീരത്തിൽ വസിക്കുന്ന പരാദങ്ങൾ, ഇണകൾ തുടങ്ങിയവയും…, ജീവനില്ലാത്ത ഘടകങ്ങൾ എന്നാൽ താപനില, വികിരണങ്ങൾ, വാസസ്ഥലം, ജലം, സൂര്യപ്രകാശം എന്നിവയുമാണ്. ഇത്തരത്തിൽ വിവിധ ഘടകങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്ന പരിസരത്തു നിലനിൽക്കുന്ന ഒരു ജീവിവർഗ്ഗത്തിന്റെ കൂട്ടത്തിൽ വൈവിധ്യങ്ങൾ ഉള്ളതിനാൽ അവർക്കിടയിൽ ഫിറ്റ്നസ്സിനും വ്യത്യാസങ്ങളുണ്ട്..

അതായതു ചില അംഗങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ചു ആപേക്ഷിക അതിജീവനശേഷിയും പ്രത്യുല്പാദന വിജയവും ഏറിയും കുറഞ്ഞുമിരിക്കും.. പാറക്കെട്ടുകളിലെ എലികളിലേക്കു വരാം.. എലികളെ വേട്ടയാടുവാൻ ഇരപിടിയന്മാർ ആകാശത്തു വട്ടമിട്ടു പറക്കുന്നുണ്ട്.. എലികൾക്കിടയിൽ നിറത്തിൽ വൈവിധ്യങ്ങൾ നിലനിൽക്കുന്നു.. ജനിതക പദാര്ഥത്തിലുണ്ടായ ഉല്പരിവർത്തനത്തിലൂടെ കൂടുതൽ ഇരുണ്ട നിറമുള്ള ഒരു എലി ഉണ്ടാകുന്നു എന്നും മറ്റു എലികളിൽ നിന്നും വേറിട്ട് പാറയുടെ ഇരുണ്ട പശ്ചാത്തലത്തിൽ ഇരപിടിയന്മാരുടെ കണ്ണിൽ നിന്നും കൃത്യമായി ഒളിക്കാനാകുന്നു എന്നും കരുതാം. പരിണാമത്തിന്റെ കണ്ണിൽ ഈ എലി ഫിറ്റ്നസ് സാദ്ധ്യതകൾ ഏറെയുള്ള ഒരു അംഗമാണ്.. ഇരപിടിയന്മാരുടെ കയ്യിൽ നിന്നും രക്ഷപെടാനുള്ള സാധ്യത വർധിച്ചതോടെ അതിജീവന പ്രതുല്പാദന സാധ്യതകളും വർധിച്ചിരിക്കുന്നു..

ഒരു ജീവിവർഗ്ഗത്തിൽ ഏതെങ്കിലും ഒരു ജീവിയിൽ അതിജീവനത്തിനും പ്രത്യുല്പാദനത്തിനും സഹായകരമായ ഒരു ഉല്പരിവർത്തനം ഉണ്ടായാൽ തന്നെ അത് ഉടനടി സ്വാഭാവിക തിരഞ്ഞെടുപ്പിന് വിധേയമാക്കണമെന്ന് നിർബന്ധമില്ല.. അതിജീവനം ഒരു ചാൻസ് ഇവെന്റ്റ് ആണ്.. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാനുള്ള അനുകൂലനം ലഭിച്ചാലും അതിജീവിക്കും എന്ന് ഉറപ്പില്ല.. അനുകൂലനം ലഭിച്ച എലിയെ സംബന്ധിച്ചിടത്തോളം നടന്നു പോകുന്ന വഴിയിൽ ചിലപ്പോൾ തലയിൽ തേങ്ങാ വീണു ചാകാം, വണ്ടിയിടിച്ചോ, കറണ്ടടിച്ചോ, എലിവിഷം തിന്നോ ചാകാം.. അങ്ങനെ ചത്താൽ ഇരപിടിയന്മാരിൽ നിന്നും ഒളിക്കാനുള്ള അനുകൂലനം പ്രയോജനകരമാവില്ല.. അതിജീവനം ഒരു ചാൻസ് ഇവന്റ്റ് ആണ് എന്ന് പറഞ്ഞതും അതുകൊണ്ടാണ്.. പ്രസ്തുത എലികുമാരന് പ്രത്യുൽപ്പാദന വയസിലെത്തി കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ സാധിക്കണം..

ഉല്പരിവർത്തനത്തിലൂടെ ആ പരിസരത്തിൽ ഗുണകരമായിത്തീർന്ന തന്റെ ജനിതകത്തെ പല തലമുറകളിലൂടെ മുന്നോട്ടു പായിക്കാൻ സാധിക്കണം.. അങ്ങനെ അനുകൂലനം നേടിയ തലമുറകളിലൂടെ പാറക്കെട്ടിലെ എലിക്കൂട്ടങ്ങളുടെ നിറങ്ങളിലെ വൈവിധ്യം മാറിമറിയും..ജീവിവര്ഗങ്ങള്ക്കു ചുറ്റുമുള്ളതായി മുകളിൽ പറഞ്ഞിരിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ ജീവികൾക്ക് മേൽ പരിണമിക്കുവാനുള്ള ഒരു “ബലം” ചുമത്തുന്നുണ്ട്.. ഇവല്യൂഷനറി പ്രഷർ അഥവാ സെലെക്ഷൻ പ്രഷർ എന്ന പേരിൽ അറിയപ്പെടുന്ന ഈ ശക്തിയാണ് പരിണാമത്തിന്റെ ഗതിയും വേഗവും നിർണയിക്കുന്നത്. എലികളുടെ ഉദാഹരണത്തിലേക്കു വന്നാൽ, ഇരപിടിയന്മാരുടെ സാന്നിധ്യമാണ് എലികളുടെ നിറത്തിലുണ്ടായ തിരഞ്ഞെടുപ്പിന് നിദാനമായിരിക്കുന്നത്.. ഈ ഇരപിടിയന്മാരുടെ എണ്ണം വളരെ കൂടുതൽ ആണെന്നിരിക്കട്ടെ..

അനുകൂലനമില്ലാത്ത എലികൾ തോതിൽ ആഹരിക്കപ്പെടുന്നതുമൂലം അവർക്കു തലമുറകളെ ഉണ്ടാക്കാൻ സാധിക്കാതെ വരുകയും അവരുടെ സ്വഭാവഗുണങ്ങൾ പേറുന്ന അംഗങ്ങൾ പോപ്പുലേഷനിൽ നിന്നും അതിവേഗം അപ്രത്യക്ഷമാകുകയും ചെയ്യും. ഒപ്പം അനുകൂലനം നേടിയ ഇരുണ്ട നിറക്കാർക്ക് ഒളിച്ചിരിക്കാൻ പറ്റുന്നു എന്നതിനൊപ്പം വിഭവങ്ങൾക്ക് മേൽ മത്സരം കുറഞ്ഞതിനാൽ പ്രത്യുല്പാദനവിജയം ഉറപ്പാക്കാനും കോപ്പികൾ പോപ്പുലേഷനിൽ വേഗത്തിൽ പടർത്തുവാനും സാധിക്കുന്നു. ഇവിടെ എലികളുടെ പോപ്പുലേഷൻ വേഗത്തിൽ പരിണമിക്കുവാൻ കാരണം കൂടുതൽ ഇരപിടിയന്മാർ എന്ന ഘടകം ജീവിവർഗത്തിന്മേൽ ചെലുത്തിയ ഉയർന്ന സെലെക്ഷൻ പ്രഷർ ആണ്. ഇനി ആകാശത്ത്‌ ഇരപിടിയന്മാർ ഉണ്ടായിരുന്നില്ല എന്നും ഇരുണ്ട നിറവുമായി ബന്ധപ്പെട്ട മ്യൂട്ടേഷൻ ഉണ്ടായി എന്നും കരുതുക.. ഈ സാഹചര്യത്തിൽ ഇരുണ്ട നിറവുമായി ബന്ധപ്പെട്ട മ്യൂട്ടേഷൻ ആപേക്ഷികമായ അതിജീവനത്തെയോ അതുവഴി പ്രതുല്പാദന വിജയത്തെയോ (ഫിറ്റ്നസ്) സഹായിക്കുന്നില്ല..

അത്തരം മ്യൂട്ടേഷനുകൾ വഹിക്കുന്ന എലികൾ വളരെ കുറഞ്ഞ അനുപാതത്തിൽ പോപ്പുലേഷനിൽ തുടരുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യാം.. നാച്ചുറൽ സെലെക്ഷൻ ഗുണകരമായ ജീനുകളെ നേരിട്ട് തിരഞ്ഞെടുക്കുകയില്ല.. അതിലേക്കു വരും മുൻപ് Genotype – Phenotype എന്തെന്ന് മനസിലാക്കേണ്ടതുണ്ട്.. ഒരു ജീവിയുടെ ജനറ്റിക് കോമ്പോസിഷൻ (പേറുന്ന ജീനുകളുടെ സമാഹാരം) ആണ് അതിന്റെ Genotype.. നമുക്ക് പുറമെ ദർശിക്കാവുന്ന ഒന്നല്ല ഒരു ജീവിയുടെ ജീനോടൈപ്പ് എന്നത്.. Phenotype എന്നത് ജീനോടൈപ്പിന്റെയും ജീവി നിലനിൽക്കുന്ന പരിസ്ഥിതിയുടെയും (Environment) ഉൽപ്പന്നമാണ്..

അത് നിരീക്ഷിക്കുവാൻ സാധിക്കുന്ന ഘടനപരമോ പെരുമാറ്റപരമോ വികസപരമോ ആയ സവിശേഷതയാണ്.. അനുകൂലനം നേടിയ എലിയുടെ Genotype നമുക്കറിയില്ല.. എന്നാൽ phenotype “ഇരുണ്ട നിറം” ആണ് എന്നത് നമുക്ക് നിരീക്ഷിക്കുവാൻ സാധിക്കുന്നുണ്ട്. ഇരുണ്ട നിറത്തിനുള്ള Genotype ഉണ്ടായി എന്ന് കരുതി ഇരുണ്ട phenotype ഉണ്ടാകണമെന്നില്ല.. ജീവിയുടെ ആഹാരം, സൂര്യപ്രകാശം എന്നീ ഘടകങ്ങൾ ഇരുണ്ട നിറത്തിന്റെ പ്രകാശനത്തെ സ്വാധീനിക്കുണ്ട്. നാച്ചുറൽ സെലെക്ഷൻ പ്രവർത്തിക്കുന്നത് നിരീക്ഷിക്കാനാകുന്ന ഇരുണ്ട നിറമെന്ന ആ phenotype ഇൽ ആണ്.., പരോക്ഷമായി മാത്രം Genotype (genes) കളിലും…!

originally posted by

https://www.facebook.com/groups/secretsofouruniverse/permalink/850201698892702/

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.