ക്ലോണീകേവ്മാൻ എന്ന നിഗൂഢത

ക്ലോണീകേവ്മാൻ എന്ന നിഗൂഢത
‘ബോഗ് ബോഡി’ എന്നു കേട്ടിട്ടുണ്ടോ?
കേൾക്കാൻ രസമുണ്ടെങ്കിലും കാണാൻ അത്ര ചന്തമുള്ളതല്ല ഈ സംഗതി. പേരു പോലെത്തന്നെ ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന മൃതദേഹങ്ങളാണിവ. അതെന്തിനാണു ചതുപ്പുകളിൽ മൃതദേഹം കൊണ്ടിടുന്നത്?
അതാണ് ബോഗ് ബോഡികളുടെ പ്രത്യേകത. പണ്ടുകാലത്ത് ഈജിപ്തിൽ ഫറവോമാരും രാജ്ഞിമാരുമെല്ലാം മരിക്കുമ്പോൾ അവരുടെ മൃതദേഹം മമ്മികളാക്കി മാറ്റുന്ന പതിവുണ്ട്. അവർ പക്ഷേ സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിലായതിനാലായിരുന്നു അങ്ങനെ ചെയ്തിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ ഒരു പ്രാകൃത രൂപം നിലനിന്നിരുന്നു. അതാണ് ചതുപ്പുകളിൽ മൃതദേഹം സൂക്ഷിക്കുകയെന്നത്.
ചതുപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട്– താപനില താഴ്ന്നായിരിക്കും, മാത്രവുമല്ല ഒാക്സിജന്റെ അളവും കുറവായിരിക്കും. ഒപ്പം അസിഡിക് സ്വഭാവവും. അതോടെ മൃതദേഹവും മറ്റും തിന്നുതീർക്കുന്ന സൂക്ഷ്മജീവികൾക്കു ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും. അത്തരമിടങ്ങളിൽ മൃതദേഹം കൊണ്ടിട്ടാൽ നൂറ്റാണ്ടുകളോളം അവ കാര്യമായ കേടുപാടുകളില്ലാതെയിരിക്കുമെന്നു ചുരുക്കം. തൊലിയും തലമുടിയും വരെ അത്തരത്തിൽ സംരക്ഷിക്കപ്പെടും.
ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരം ബോഗ് ബോഡികൾ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നിന്റെ പേരാണ് കോണിക്ലേവൻ മാൻ. അയർലൻഡിലെ ഒരു ചതുപ്പിൽനിന്ന് 2003 മാർച്ചിലാണ് ഈ മനുഷ്യന്റെ മൃതദേഹം കണ്ടെടുക്കുന്നത്. കോണിക്ലേവൻ എന്ന സ്ഥലത്തുനിന്നു ലഭിച്ചതിനാലായിരുന്നു ആ പേര്.
കൽക്കരി ഖനനത്തിന്റെ ഭാഗമായി ചതുപ്പിൽനിന്ന് മണ്ണ് യന്ത്രക്കൈ ഉപയോഗിച്ചു വാരി മാറ്റുന്നതിനിടെയായിരുന്നു കോണിക്ലേവൻ മാൻ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരുമ്പു യുഗത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ആ മനുഷ്യന്റെ ശരീരത്തിനു രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ടായിരുന്നു. ബിസി 392നും 201നും ഇടയ്ക്കാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കാർബൺ ഡേറ്റിങ്ങിൽ തെളിഞ്ഞു
പടിഞ്ഞാറൻ യൂറോപ്പിൽ ഇരുമ്പുയുഗമായിരുന്ന കാലമാണത്. കാര്യമായ കേടുപാടുകളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പക്ഷേ യന്ത്രക്കയ്യിൽപ്പെട്ടു ശരീരത്തിന്റെ പല ഭാഗങ്ങളും നഷ്ടമായ അവസ്ഥയിലും!
തല, കഴുത്ത്, കൈകള്, അരക്കെട്ട്, വയറിന്റെ മുകൾഭാഗം എന്നിവയ്ക്കൊന്നും കാര്യമായ കേടുപാട് സംഭവിച്ചിരുന്നില്ല. കാലുകൾ പക്ഷേ കണ്ടെത്താനായില്ല. ഏകദേശം 24–40 വയസ്സിലാണ് കോണിക്ലേവൻ മാൻ മരിച്ചതെന്നു വിശദമായ പരിശോധനയിൽ വ്യക്തമായി. കൂടുതൽ പരിശോധിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തെത്തിയത്.
ഈ മനുഷ്യൻ അതിക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. അഞ്ചടി രണ്ടിഞ്ചായിരുന്നു കോണിക്ലേവൻ മാന്റെ ഉയരം. മൂക്ക് ഇടിച്ചു പരത്തിയ നിലയിലായിരുന്നു. പല്ലുകൾ അടിച്ചുകൊഴിച്ച നിലയിലും. എന്നാൽ ചർമത്തിൽ കാര്യമായ കേടുപാടുണ്ടായിരുന്നില്ല. പഴങ്ങളും പച്ചക്കറികളും മാത്രം തിന്നു ജീവിച്ച ഒരു മനുഷ്യനായിരുന്നു കോണിക്ലേവനെന്നും തിരിച്ചറിഞ്ഞു.
കൂട്ടത്തിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ തലമുടിയായിരുന്നു. മുൻഭാഗത്തെ മുടി ഷേവ് ചെയ്തു നീക്കിയ വിധം അക്കാലത്തൊന്നും കാണാത്ത തരത്തിലുള്ള ഹെയർ സ്റ്റൈലായിരുന്നു ഉണ്ടായിരുന്നത്. മുകളിലേക്ക് ഉയര്ത്തിക്കെട്ടിയ നിലയിലായിരുന്നു. താടിയും വെട്ടിയൊതുക്കിയിരുന്നു. മീശയുമുണ്ടായിരുന്നു. കൂടുതൽ ഉയരം തോന്നിപ്പിക്കാനാണ് അത്തരമൊരു ഹെയർ സ്റ്റൈൽ പരീക്ഷിച്ചതെന്നും ഗവേഷകർ കരുതുന്നു. മാത്രവുമല്ല, അദ്ദേഹം ഉപയോഗിച്ചിരുന്ന പ്രാചീന ഹെയർ ജെല്ലിനു സമാനമായ വസ്തുവും മുടിയിഴകളിലുണ്ടായിരുന്നു. പ്രത്യേക ചെടികളുടെ നീരും പൈൻ മരത്തിന്റെ കറയും ഉപയോഗിച്ചായിരുന്നു അതു നിർമിച്ചിരുന്നത്. കക്ഷി ധനികനായിരുന്നെന്നും അതിൽനിന്നു വ്യക്തമായി. കാരണം ആ ഹെയർ ജെൽ നിർമിക്കാനാവശ്യമായ ചെടികൾ അക്കാലത്ത് ഫ്രാന്സിലും സ്പെയിനിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ!
ഇതെല്ലാമാണ് കോണിക്ലേവൻ മാൻ ഒരു രാജാവായിരുന്നെന്ന സംശയത്തിലേക്ക് എത്തിച്ചത്. പക്ഷേ തലയോട്ടി തകർത്തായിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത്. മൂക്കിലും നെഞ്ചിലുമെല്ലാം അതിശക്തമായ പ്രഹരമേറ്റ നിലയിലായിരുന്നു. നെഞ്ചും കീറിമുറിച്ചിരുന്നു. രാജാക്കന്മാരെ അധികാരത്തിൽനിന്നു മാറ്റുമ്പോഴാണ് നെഞ്ചിൽ അത്തരത്തിലുള്ള ക്രൂര പ്രയോഗങ്ങൾ നടത്തിയിരുന്നതെന്നാണു പറയപ്പെടുന്നത്. ഇപ്പോഴും ലോകത്തിനു മുന്നിൽ അജ്ഞാതമാണ് ആരാണ് കോണിക്ലേവൻ മാൻ എന്നതും എന്തിനാണ് ഇത്ര നിഷ്ഠൂരമായി അദ്ദേഹത്തെ കൊന്നതെന്നതും. എന്നെങ്കിലും ഇതിനുത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. അതിനാവശ്യമായ തെളിവുകളെല്ലാമൊരുക്കി, അയർലൻഡിലെ നാഷനൽ മ്യൂസിയത്തിൽ ഇന്നുമുണ്ട് കോണിക്ലേവൻ മാൻ.
clonycavan man, bog body

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.