മരണത്തെ അതിജീവിക്കാമോ ?

ഒരു മനുഷ്യൻ ഐസുകട്ടയായി ഉറഞ്ഞുപോയാൽ എന്താണ് സംഭവിക്കുക…?
രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ച് ഫലത്തിൽ മനുഷ്യൻ മരിക്കും. പക്ഷെ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചാലോ ? എങ്കിൽ നമ്മൾക്ക് മരണത്തെ തന്നെ അതിജീവിക്കാൻ കഴിയും, നമ്മൾ അനശ്വരരായിത്തീരും.

നിലവിൽ ഭൂമിയിലെ ഒരു ജീവിക്ക് ഈ പ്രക്രിയ ചെയ്യാൻ സാധിക്കും. മഞ്ഞുകാലമായാൽ അമേരിക്കയിലെ അലാസ്കയിലെ “വുഡ് ഫ്രോഗ്” തവളകൾ ഒരു ഐസുകട്ടയായി ഉറഞ്ഞുപോവും. അവയുടെ ഹൃദയമിടിപ്പും രക്തയോട്ടവും ശ്വസനവും നിലച്ച് അവ ഒരു മഞ്ഞുകട്ടയായി മാറും. ഈ സമയത്ത് നിങ്ങൾക്കതിനെ വാരിയെടുക്കാം അത് ചലിക്കില്ല. മഞ്ഞുകാലം കഴിയുന്നതു വരെ അവ ഒരു മഞ്ഞുകട്ടയായിത്തന്നെ തുടരും. ഏഴുമാസത്തോളം മഞ്ഞുകട്ടയായി ജീവിക്കുന്ന ഇവ മഞ്ഞുകാലം കടന്നു പോയാൽ മഞ്ഞുകട്ടകൾ അലിഞ്ഞ് അത്ഭുതകാരമായി ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരുകയും ചെയ്യും.

ഈ ഉഭയജീവി ഒരു ഐസുകട്ടയായി മാറിയാലും മരവിക്കുന്ന ഈ തവളയെ സംരക്ഷിക്കുന്നതിന് അവയുടെ ശരീരത്തിൽ സംഭവങ്ങളുടെ ഒരു കൂട്ടം പ്രക്രിയകൾ തന്നെ സംഭവിക്കുന്നുണ്ട്. ചർമ്മത്തിൽ ഐസ് രൂപം കൊള്ളാൻ തുടങ്ങി മിനിറ്റുകൾക്ക് ശേഷം, വുഡ് ഫ്രോഗ് തവളയുടെ കരൾ, കരളിലെ ഗ്ലൈക്കോജൻ ആയി സൂക്ഷിച്ചിരിക്കുന്ന ഷുഗറിനെ ഗ്ലൂക്കോസാക്കി മാറ്റാൻ തുടങ്ങുന്നു. ഈ ഷുഗർ കരളിൽ നിന്ന് പുറത്തുവിടുകയും രക്തത്തിലൂടെ ഓരോ കോശജാലങ്ങളിലേക്കും കൊണ്ടുപോകുകയും ചെയ്യുന്നു. ഇത് കോശങ്ങളെ പൂർണ്ണമായും നിർജ്ജലീകരണം ചെയ്യാതിരിക്കാനും ചുരുങ്ങാതിരിക്കാനും സഹായിക്കുന്നു.

വുഡ് ഫ്രോഗ് മരവിച്ചുകൊണ്ടിരിക്കുമ്പോൾ, ഹൃദയം ശരീരത്തിന് ചുറ്റും സംരക്ഷണ ഗ്ലൂക്കോസ് പമ്പ് ചെയ്യുന്നത് തുടരുന്നു, പക്ഷേ തവളയുടെ ഹൃദയം പതിയെ മന്ദഗതിയിലാവുകയും ഒടുവിൽ നിലക്കുകയും ചെയ്യുന്നു. മറ്റെല്ലാ അവയവങ്ങളുടെ പ്രവർത്തനവും നിലക്കുന്നു . ശ്വസനം നിലക്കുന്നു, തവള ഓക്സിജനും ഉപയോഗിക്കുന്നില്ല. തവള അക്ഷരാർത്ഥത്തിൽ മരിക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെ മരവിക്കുന്നതിന്റെയും ഉരുകുന്നതിന്റെയും ചക്രങ്ങൾക്ക് വിധേയമാകുന്നതുകൊണ്ട് ഈ തവളകൾക്ക് ഇതുപോലുള്ള കടുത്ത ശൈത്യകാലങ്ങളെ അതിജീവിക്കാൻ കഴിയുന്നു. കാലാവസ്ഥ ചൂടാകുമ്പോൾ ഐസുകട്ടയായ തവള ഉരുകുന്നു, ശേഷം തവളയുടെ ശരീരം സ്വയം ഒരു നന്നാക്കൽ പ്രക്രിയയിലൂടെ അഥവാ ഒരു ജീർണ്ണോദ്ധാരണ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ആദ്യം ഐസിൽ നിന്നും പുറത്തെത്തുമ്പോൾ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കും, ശരീരത്തിന് കേടുവന്ന ചില കോശങ്ങളെ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ഇതിൽ അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാൽ, നിലച്ച ഹൃദയമിടിപ്പ് വീണ്ടും ആരംഭിക്കാൻ ഈ തവളകൾക്ക് എന്താണ് ആജ്ഞ നൽകുന്നതെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല അവർക്ക് അതിപ്പോഴും അജ്ഞാതമാണ്. ഈ തവളയുടെ ശരീര സംരക്ഷണ സംവിധാനങ്ങളേക്കുറിച്ച് ഗവേഷകർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ തവളകൾ അവയുടെ മൂത്രത്തിൽ നിന്ന് പുറന്തള്ളുന്ന യൂറിയ എന്ന മാലിന്യവും അവയെ മരവിക്കുന്നതിൽ നിന്നും അതിജീവിക്കാൻ സഹായിക്കുന്നുണ്ടെന്ന് അടുത്തിടെ ഗവേഷകർ കണ്ടെത്തിയിരുന്നു.

സാങ്കേതികവിദ്യകൾ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ അടുത്തകാലത്തൊന്നും മരവിപ്പിക്കപ്പെട്ട് മനുഷ്യൻ അതിജീവിക്കാൻ പോകുന്നില്ലെങ്കിലും, ഭാവിയിൽ മനുഷ്യശരീരം ഇതുപോലെ വളരെക്കാലം ജീവനോടെ സൂക്ഷിക്കാനും മനുഷ്യ അവയവങ്ങൾ പറിച്ചുനടലിനായി കൂടുതൽ കാലം സംരക്ഷിക്കാനും വൂഡ് ഫ്രോഗ് തവളയുടെ ഈ രീതികൾ പഠിക്കുന്നത് സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.